Flash News

മൂന്നര വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം



കൊല്ലം: കൊല്ലത്തു മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ആഷിക് (26) ആണു മൂന്നര വയസ്സുകാരിയെ ക്രൂരമായ ശാരീരിക പീഡനത്തിനു വിധേയയാക്കിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെയും അമ്മയെയും കോടതി നിര്‍ദേശപ്രകാരം അഗതിമന്ദിരത്തിലേക്കു മാറ്റി. കുണ്ടറ കോളശ്ശേരിയിലെ ഒറ്റമുറി വാടകവീട്ടിലാണ് അമ്മയും കുഞ്ഞും അമ്മയുടെ സുഹൃത്ത് ആഷികും താമസിച്ചിരുന്നത്. അമ്മ ജോലിക്കു പോവുന്ന സമയത്തു കുട്ടിയെ ആഷിക്ക് ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞദിവസം ആഷിക് പെണ്‍കുട്ടിയുടെ മുതുകില്‍ മര്‍ദിക്കുകയും സിഗരറ്റ് ലൈറ്റര്‍ കൊണ്ടു പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ടു നാട്ടുകാര്‍ എത്തി ബഹളമുണ്ടാക്കിയപ്പോള്‍ ആഷിക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി കുണ്ടറ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റ പാടുകളാണ്. കഞ്ചാവു കേസില്‍ ആഷികിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു കുണ്ടറ പോലിസ് വ്യക്തമാക്കി.ആഷികിനെ കോടതി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം യുവതിയും കുട്ടിയും ആഷിക്കിനൊപ്പമാണു കഴിയുന്നത്. തന്നെയും ആഷിക് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും പോവാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ഇയാള്‍ക്കൊപ്പം തുടരുകയാണെന്നും കുട്ടിയുടെ മാതാവ് അറിയിച്ചു. ഇതേത്തുടര്‍ന്നു കോടതി യുവതിയെയും കുട്ടിയെയും അഗതി മന്ദിരത്തിലേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it