thrissur local

മൂന്നര മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,036 കേസുകള്‍

കല്‍പ്പറ്റ: ജില്ലയില്‍ മയക്കുമരുന്ന് മാഫിയ പിടമുറുക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ഏപ്രില്‍ 19 വരെ 104 അബ്കാരി കേസുകളും 146 മയക്കുമരുന്ന് കേസുകളും 786 പുകയില വിതരണകേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനുള്ള ശ്രമം നടത്തുന്നുവെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് അധികൃതര്‍ പരിശോധന കര്‍ശനമാക്കി. 111 ലിറ്റര്‍ വിദേശമദ്യം, 106 ലിറ്റര്‍ കര്‍ണാടക മദ്യം, 852 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം എന്നിവ ഈ കാലയളവില്‍ ഏക്‌സൈസ് പിടികൂടി. പത്തു കിലോ കഞ്ചാവ്, 6 ഗ്രാം ഹാഷിഷ്, മൂന്ന് കിലോ അനധികൃത സ്വര്‍ണം, 23 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം, 4,003 പുകയില ഉല്‍പന്നങ്ങള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചു.
26 വാഹനങ്ങളും ഈ കാലയളവില്‍ കസ്റ്റഡിയിലെടുത്തു. ജനുവരിയില്‍ മാരക ലഹരിവസ്തുവായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി ബംഗളൂരു സ്വദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം മാരക മയക്കുമരുന്നായ നൈട്രസെപാം, സ്പാസ്‌മോ പ്രോക്‌സിവോന്‍ എന്നിവ പിടികൂടിയിരുന്നു. 2017 ജനുവരി ഒന്നുമുതല്‍ 2018 ഏപ്രില്‍ 19 വരെയായി 1,034 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
508 കഞ്ചാവ് മയക്കുമരുന്ന് കേസുകളും, 5118 പുകയില ഉല്‍പന്ന വിതരണ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ക്രിസ്മസ്-പുതുവല്‍സരാഘോഷ വേളകളിലും വിഷുവിനുമെല്ലാം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പരിശോധനകള്‍ക്കൊപ്പം ജനമൈത്രി സ്‌ക്വാഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തി. ജനമൈത്രി സ്‌ക്വാഡിന്റെ കീഴില്‍ ആദിവാസി കോളനികളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുന്നുണ്ട്. പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കോളനികളിലാണ് സ്‌ക്വാഡ് പ്രവര്‍ത്തനം.
കോളനികള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം ഉള്‍പ്പടെയുള്ള ഇടപെടലുകളാണ് എക്‌സൈസ് നടത്തുന്നത്.
Next Story

RELATED STORIES

Share it