Kottayam Local

മൂന്നംഗ കവര്‍ച്ചാ സംഘം പിടിയില്‍

കോട്ടയം: മൂന്നംഗ കവര്‍ച്ച സംഘത്തെ പോലിസ് പിടികൂടി. ബൈക്കുകളിലെത്തി സ്ത്രീകളെ ആക്രമിച്ച് ബാഗും ആഭരണങ്ങളും മറ്റും തട്ടിയെടുക്കുന്ന പൂവംതുരുത്തു സ്വദേശി പനയില്‍ ജിഷ്ണു(20),പന്നിമറ്റം സ്വദേശി പള്ളിക്കുന്നേല്‍ സാംസണ്‍ (20), പള്ളം സ്വദേശി തുണ്ടിയില്‍ സന്ദീപ്(21)എന്നിവരാണ് പിടിയിലായത്.
കവര്‍ച്ചയ്ക്ക് ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഈ മാസം നാലിന് രാത്രി 10.30ന് ഭര്‍ത്താവിനൊടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ചിങ്ങവനം സ്വദേശിനിയായ കിരണ്‍ സാറാ മാത്യൂ എന്ന യുവതിയെ ചെട്ടിക്കുന്ന് ഭാഗത്ത് വച്ച് മോട്ടാര്‍ സൈക്കിളില്‍ നിന്നും വലിച്ച് താഴെയിട്ട് മാരകമായി പരിക്കേല്‍പിച്ച് 40000രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഈ മാസം മൂന്നിന് രാവിലെ 8.30ഓടെ കളത്തിപ്പടി ഭാഗത്ത് കൈകുഞ്ഞുമായി റോഡിലൂടെ നടന്നുപോവുകയായിരുന്ന ശ്രീജ സുള്‍ഫിക്കര്‍ എന്ന യുവതിയെ ആക്രമിച്ച് പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് കവര്‍ന്നതും അന്നേദിവസം രാത്രി 8.30ന് ശസ്ത്രി റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മെഡിക്കല്‍ കോളജിലെ വനിത ഡോക്ടര്‍മാരായ അഞ്ജു,ഗൗരി പ്രീയ എന്നിവരെ ആക്രമിച്ച് മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പണവും കവര്‍ന്നതും ഈ സംഘം തന്നെയെന്ന് തെളിഞ്ഞു. സ്‌കൂട്ടറില്‍ നിന്നും വീണ ഡോ.അഞ്ജുവിന് സാരമായി പരിക്കേറ്റിരുന്നു.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിന് സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന ഒരു സ്ത്രീയുടെ കയ്യില്‍ നിന്നും ബാഗ് തട്ടിപ്പറിച്ച് 12000രൂപ കവര്‍ന്നതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മുമ്പ് ക്വട്ടേഷന്‍ അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രതികള്‍ മോഷണ കേസില്‍ പിടിയിലാവുന്നത് ആദ്യമായാണ്. കഞ്ചാവിന്റെ ലഹരിയിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്.
ജില്ലാപോലിസ് മേധാവി സതീഷ് ബിനോയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേണ സംഘമാണ് പ്രതികളെ പിടികൂടിയത്.കോട്ടയം ഈസ്റ്റ് എസ്‌ഐ യു ശ്രീജിത്ത്, എഎസ്‌ഐ ഹരികുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ എസ് അജിത്,വി എസ് ഷിബുക്കുട്ടന്‍,ഐ സജികുമാര്‍,ബിജുമോന്‍ നായര്‍,പ്രോബേഷറി എസ്‌ഐ ഷാജഹാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it