മൂത്രമൊഴിക്കാനിറങ്ങിയ സ്ത്രീയെ രാത്രി വഴിയിലുപേക്ഷിച്ച് ബസ് വിട്ടു

പൊന്നാനി: മൂത്രമൊഴിക്കാന്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സ്ത്രീയോട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരത. പുറത്തിറങ്ങിയ സ്ത്രീയെ തിരികെ ബസ്സില്‍ കയറ്റാതെ സ്ഥലം വിട്ടു. ഞായറാഴ്ച രാത്രി 10ഓടെ ചങ്ങരംകുളത്താണ് സംഭവം. തൃശൂരില്‍ നിന്നു ചങ്കുവെട്ടിയിലേക്കു ടിക്കറ്റെടുത്ത 45 വയസ്സ് പ്രായം തോന്നിക്കുന്ന പാത്തുമ്മ എന്ന സ്ത്രീയോടാണ് ജീവനക്കാര്‍ ക്രൂരത കാണിച്ചത്. അടൂര്‍ ഡിപ്പോയില്‍ നിന്നു കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസിയിലാണ് പാത്തുമ്മ യാത്ര ചെയ്തത്. മൂത്രമൊഴിക്കാനിറങ്ങിയ ഇവര്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ബഹളം വച്ച് പിറകെ ഓടിയെങ്കിലും ബസ് നിര്‍ത്താതെ പോയി. കാറില്‍ ഇതുവഴി വളാഞ്ചേരിയിലേക്കു പോവുകയായിരുന്ന പന്താവൂര്‍ സ്വദേശിനി സജ്‌നയും ഭര്‍ത്താവ് ഫാസിലും ഇവരെ വളാഞ്ചേരിയിലെത്തിച്ച് കോട്ടക്കലിലേക്കുള്ള ബസ് കയറ്റിവിടുകയായിരുന്നു. ചങ്കുവെട്ടിയില്‍ ഇവരുടെ സഹോദരന്‍ കാത്തുനില്‍പുണ്ടായിരുന്നു. സ്ത്രീയുടെ കൈയില്‍ മതിയായ പണമുണ്ടായിരുന്നില്ലെന്ന് ചങ്ങരംകുളത്തുവച്ച് ഇവരെ വാഹനത്തില്‍ പറഞ്ഞയക്കാന്‍ സഹായിച്ച റവന്യൂ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പറയുന്നു. എഴുതാനോ വായിക്കാനോ അറിയാത്ത ഒറ്റയ്ക്കു യാത്ര ചെയ്ത സ്ത്രീയെ രാത്രിയില്‍ വഴിയിലിറക്കിവിട്ട ബസ് ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍, സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ മാര്‍ഷാ ബാബു പറയുന്നതിങ്ങനെ: അടൂരില്‍ നിന്നു തൃശൂരിലെത്തിയപ്പോള്‍ ബസ്സിലുണ്ടായിരുന്നത് 53 യാത്രക്കാരാണ്. തൃശൂരില്‍ നിന്ന് കയറിയതാകട്ടെ 103 പേരും. ചങ്ങരംകുളത്ത് ആറു പേര്‍ ഇറങ്ങാനുണ്ടായിരുന്നു. ചങ്കുവെട്ടിയിലേക്കു ടിക്കറ്റെടുത്ത പ്രായമായ സ്ത്രീ ചങ്ങരംകുളത്ത് സ്വമേധയാ ഇറങ്ങുകയായിരുന്നു. അവര്‍ അങ്ങനെയൊരു ആവശ്യം തന്നോടോ ഡ്രൈവറോടോ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ സൗകര്യം ചെയ്തുകൊടുക്കുമായിരുന്നു.

Next Story

RELATED STORIES

Share it