Kottayam Local

മൂത്തേടത്ത്കാവ്-ചെമ്മനത്തുകര റോഡില്‍ കുഴി രൂപപ്പെട്ടു ; ജനം ദുരിതത്തില്‍



വൈക്കം: പൊതുമാരാമത്ത് വകുപ്പിന്റെ മൂത്തേടത്ത്കാവ്-ചെമ്മനത്തുകര റോഡില്‍ അപ്പയ്ക്കല്‍ ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം വലിയ കുഴികള്‍ രൂപപ്പെട്ടത് ജനങ്ങളെ വലയ്ക്കുന്നു. അധികൃതരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. മൂന്നു ബസ്സുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ റോഡില്‍ വെള്ളം നിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ്. നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കുഴിയുടെ സമീപം താമസിക്കുന്ന വീട്ടുകാര്‍ക്കും വെള്ളക്കെട്ട് നിറഞ്ഞ ഈ കുഴി ഭീഷണിയാണ്. കയര്‍ മേഖലയായ ഈ പ്രദേശത്ത് ചകിരിയും മറ്റ് അനുബന്ധ സാധനങ്ങള്‍ ഉന്തുവണ്ടിയില്‍ പോലും കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥയാണ്. തൊട്ടടുത്ത ക്ഷേത്രത്തിലും പള്ളിയിലും സ്‌കൂളുകളിലും പോവേണ്ട നിരവധി യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ്. അപകടം പിടിച്ച റോഡ് പുനരുദ്ധരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി പുരം പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ താമസക്കാര്‍ എംഎല്‍എ നിവേദനം നല്‍കി.
Next Story

RELATED STORIES

Share it