Alappuzha local

മുഹമ്മയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി ; യാത്രക്കാര്‍ ദുരിതത്തില്‍



മുഹമ്മ: ലക്ഷങ്ങള്‍ ചെലവഴിച്ച് മുഹമ്മ ബസ്റ്റാന്റില്‍ പഞ്ചായത്ത് പണി കഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി. കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതോടെ യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലായി. മുഹമ്മയിലെത്തുന്ന യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും  പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പാണ് കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിച്ചത്. ആരംഭ കാലത്ത് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് ചുമതല നല്‍കിയിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കുന്നവരോട് ഫീസ് വാങ്ങിയിരുന്ന വ്യക്തി സമീപത്തുതന്നെ സ്ഥലം കയ്യേറി കച്ചവട സ്ഥാപനം ആരംഭിച്ചതോടെ ഇതിന്റെ പ്രവര്‍ത്തനം താളം തെറ്റി. അടഞ്ഞ് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഇപ്പോള്‍ സമീപത്തെ കച്ചവടക്കാരന്റെ സാധനങ്ങള്‍ സൂക്ഷിക്കാനായാണ് ഉപയോഗിക്കുന്നത്. പല തവണ മന്ത്രി-കലക്ടര്‍-പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവര്‍ക്ക് മുഹമ്മയിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍(സി ഐടിയു)പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കംഫര്‍ട്ട് സ്റ്റേഷന്‍ കയ്യേറിയിരിക്കുന്ന കച്ചവടക്കാരനെതിരെ പരാതി നല്‍കിയ ഓട്ടോറിക്ഷ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി.പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് ഇയാള്‍ കംഫര്‍ട്ട് സ്റ്റേഷന്‍ കയ്യടക്കിയിരിക്കുന്നതെന്നാണാരോപണം.
Next Story

RELATED STORIES

Share it