Flash News

മുഹമ്മദ് സലാഹ് ഇംഗ്ലണ്ടിലെ മികച്ച താരം

മുഹമ്മദ് സലാഹ് ഇംഗ്ലണ്ടിലെ മികച്ച താരം
X

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരം. റെക്കോഡ് ഗോള്‍ നേട്ടം സ്വന്തമാക്കിയ സലാഹിനെ  പിഎഫ്എ മികച്ച താരമായി തിരഞ്ഞെടുക്കുകയായിരുന്നു. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സാലഹ് മികച്ച താരമായത്. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ റെക്കോഡ് ഗോള്‍ നേട്ടമാണ് സലാഹ് അക്കൗണ്ടിലാക്കിയത്. 31 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നിലവില്‍ അക്കൗണ്ടിലുള്ള സലാഹിന് ഒരു ഗോളുകൂടി നേടിയാല്‍ ഒരു സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാം. ഈ സീസണില്‍ ആകെ  41 ഗോളുകളാണ് സലാഹ് നേടിയെടുത്തത്. പ്രീമിയര്‍ ലീഗിന്റെ മൂന്നാം സ്ഥാനത്താണ് നിലവില്‍ ലിവര്‍പൂളുള്ളത്. ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ ലിവര്‍പൂള്‍ സീറ്റുറപ്പിച്ചതും സലാഹിന്റെ കളി മികവിലായിരുന്നു. 2014 ല്‍ ലൂയിസ് സുവാരസ് സ്വന്തമാക്കിയ ശേഷം ഈ പുരസ്‌കാരത്തിന് ലിവര്‍പൂളില്‍ നിന്ന് ഇപ്പോഴാണ് അവകാശിയെത്തുന്നത്.പുരസ്‌കാരം സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ട്, ഞാന്‍ വളരെയേറെ കഠിനാദ്ധ്വാനം ചെയ്തു, ഈജിപ്തില്‍ നിന്ന് ഇനിയും ഈ പുരസ്‌കാരത്തിന് അവകാശികളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പുരസ്‌കാരമേറ്റുവാങ്ങിയ ശേഷം സലാഹ് പറഞ്ഞു. ഈ സീസണിന്റെ തുടക്കത്തിലാണ് എഎസ് റോമയില്‍ നിന്ന് സലാഹ് ലിവര്‍പൂളിലേക്കെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ ഡേവിഡ് സില്‍വ, ലിറോയ് സാെന, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡേവിഡ് ഡി ജിയ, ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ എന്നിവരായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലീറോയ് സാനെയാണ് മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it