Flash News

മുഹമ്മദ് റാഫി ഭട്ടിന്റെ മരണംവിശ്വസിക്കാനാവാതെ കശ്മീരിലെ ഗ്രാമം

ശ്രീനഗര്‍: വെടിയുണ്ടയേറ്റു തുളഞ്ഞ പ്രഫസര്‍ മുഹമ്മദ് റാഫി ഭട്ടിന്റെ ശരീരം വീട്ടിലേക്കെത്തിയപ്പോള്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ചുണ്ടുന ഗ്രാമത്തിലുള്ളവര്‍ക്ക് കണ്ണീരടക്കാനായില്ല. അവിടെ കൂടിയിരിക്കുന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു. മെയ് 3നാണ് 33കാരനായ സോഷ്യോളജി പ്രഫസറെ കാണാതായത്. എന്നാല്‍, റാഫി സായുധസംഘത്തില്‍ ചേര്‍ന്നെന്ന വിവരമാണു പിന്നീടു പുറത്തുവന്നത്.
സായുധസംഘത്തില്‍ ചേര്‍ന്നതായ വാര്‍ത്ത വന്ന് 36 മണിക്കൂറിനകമാണ് ഷോപിയാനിലെ ബദിഗാം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ റാഫിയെ ഇന്ത്യന്‍ സേന വധിച്ചത്. കൊല്ലപ്പെട്ട അഞ്ചുപേരില്‍ ഒരാളായിരുന്നു റാഫി. കൊല്ലപ്പെട്ട മറ്റു നാലുപേര്‍ ഹിസ്ബുല്‍ മുജാഹിദീന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെട്ടവരാണെന്ന് സൈന്യം പറയുന്നു.
വ്യാഴാഴ്ച വരെ വാഴ്‌സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറായിരുന്ന റാഫിയുടെ മരണം താഴ്‌വരയിലാകെ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹം സായുധ സംഘത്തില്‍ ചേര്‍ന്നെന്ന വിവരം സഹപ്രവര്‍ത്തകരായ പ്രഫസര്‍മാര്‍ക്കു പോലും വിശ്വസിക്കാനാവുന്നില്ല.
മനുഷ്യത്വമുള്ള, മര്യാദയുള്ള, മറ്റുള്ളവരെ പരിഗണിക്കുന്ന ഒരാളായിരുന്നു റാഫിയെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പ്രഫസറായ ദിബിയേഷ് ആനന്ദ് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് കശ്മീര്‍ യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് കുറേയേറെ സംസാരിച്ചിരുന്നു. ചെറുത്തുനില്‍പിന് അക്രമത്തിന്റെ മാര്‍ഗം ഉപയോഗിക്കുന്നതിനെതിരേയും കല്ലേറിനെ മഹത്ത്വവല്‍ക്കരിക്കുന്നതിനെതിരേയും പ്രചാരണം നടത്തുന്നതിനെക്കുറിച്ച് റാഫി സംസാരിച്ചിരുന്ന കാര്യം ദിബിയേഷ് ഓര്‍ക്കുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണു വരുന്നതെന്ന് ദിബിയേഷ് പറഞ്ഞു.
ഡോ. മുഹമ്മദ് റാഫിയുടെ മരണവാര്‍ത്ത ഹൃദയം തകര്‍ത്തുവെന്ന് കശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ സഹഗവേഷകനായിരുന്നു വാസിം ഖാന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കാഴ്ചപ്പാടും മറ്റും താന്‍ അദ്ദേഹവുമായി ചര്‍ച്ചചെയ്യാറുണ്ടായിരുന്നു. പലപ്പോഴും യൂനിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാറുണ്ട്. ഒരു ആയുധം എങ്ങനെ ഉപയോഗിക്കാമെന്നുപോലും അറിയാത്ത ഒരാളെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ എങ്ങനെ കൊല്ലാനാവുമെന്നും അദ്ദേഹം ചോദിച്ചു.
റാഫിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചിരിക്കുന്ന വരികള്‍ ഇതാണ്: ആദ്യം മനുഷ്യനാവുക, പിന്നീട് മുസ്‌ലിമാവുക.
Next Story

RELATED STORIES

Share it