Flash News

മുഹമ്മദ് യാസീന്‍ വിജിലന്‍സ് മേധാവി

തിരുവനന്തപുരം: എഡിജിപി മുഹമ്മദ് യാസീനെ സംസ്ഥാന വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്കു പോയ ഒഴിവിലാണ് യാസീന്റെ നിയമനം. ഷേഖ് ദര്‍വേഷ് സാഹിബ് യാസീനു പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവിയായും ചുമതലയേല്‍ക്കും. ഡിഐജി സേതുരാമന്‍ പോലിസ് ആസ്ഥാനത്തെ എഐജിയാകും. വിജിലന്‍സില്‍ പുതിയ എഡിജിപിയെ നിശ്ചയിച്ചിട്ടില്ല.
ലോക്‌നാഥ് ബെഹ്‌റ പോലിസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും ചുമതല ഒരുമിച്ച് വഹിക്കുന്നതിനെതിരേ ഹൈക്കോടതി നിരന്തരം വിമര്‍ശനം ഉന്നയിച്ചതോടെയായിരുന്നു എന്‍ സി അസ്താനയെ നിയമിച്ചത്. കേന്ദ്ര സര്‍വീസിലേക്കു മടങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താനയുടെ ആവശ്യം കേന്ദ്രം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. ആദ്യം മുതലേ പദവിയില്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്നു സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. പേഴ്‌സനല്‍ മന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. ബിഎസ്എഫിന്റെ ചുമതലയിലേക്ക് പോവുമെന്നാണു സൂചന.
യാസീന്റെ നിയമനത്തോടെ വിജിലന്‍സ് പോരായ്മ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.  1986ലെ ഐപിഎസ് ബാച്ചുകാരനാണ് ആന്ധ്രയില്‍നിന്നുള്ള ഡിജിപി മുഹമ്മദ് യാസീന്‍. മുമ്പ് ഇംഗ്ലീഷ് പ്രഫസറായിരുന്ന അദ്ദേഹം പോലിസ് ഓഫിസറായിരുന്ന മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഐപിഎസ് നേടുന്നത്.
Next Story

RELATED STORIES

Share it