kozhikode local

മുഹമ്മദ് മുസ്‌ല്യാര്‍ക്ക് വഴങ്ങാത്ത പണികളില്ല; വീടു നിര്‍മിക്കുന്നത് ഒറ്റയ്ക്ക്

വാണിമേല്‍: ചേലമുക്ക് മദ്രസയിലെ അധ്യാപകനായ മുഹമ്മദ് മുസ്‌ല്യാര്‍ വെറുമൊരു ഉസ്താദല്ല. സകലകലാവല്ലഭനാണ്. അധ്യാപകനായി ദിവസം തുടങ്ങുന്ന അദ്ദേഹം ഓട്ടോ ഡ്രൈവറാണ്. ഒപ്പം മറ്റെല്ലാ പണികളും ചെയ്യും. സ്വന്തം വീടിന്റെ ഇതുവരെയുള്ള എല്ലാ പണികളും ചെയ്തത് അദ്ദേഹം ഒറ്റക്ക്.
വാണിമേല്‍ ചേലമുക്കിലെ കൊടക്കാടന്‍ കണ്ടി മുഹമ്മദിന്റെ മികവ് കാണാന്‍ അദ്ദേഹം നിര്‍മിക്കുന്ന വീട് കാണണം. വീടിന്റെ അസ്ഥിവാരം മുതല്‍ എല്ലാ പണികളും ചെയ്തത് മുഹമ്മദ് മുസ്‌ല്യാര്‍ ഒറ്റക്കാണ്. മൂന്ന് വര്‍ഷം മുമ്പാണ് ചേലമുക്കിലെ മദ്രസക്ക് സമീപത്തായി എട്ടര സെന്റ് സ്ഥലം വാങ്ങി വീടുപണി ആരംഭിച്ചത്. നിലം കീറി അസ്ഥിവാരമിട്ട് തറ കെട്ടി, ചുമര് പണിത്, ആവശ്യമായ മരം സംഘടിപ്പിച്ച് ജനലും കട്ടിലയും സ്വയം നിര്‍മിച്ച് കഴിഞ്ഞ വര്‍ഷം ആ വീട്ടില്‍ താമസം തുടങ്ങി. പണി പൂര്‍ത്തിയാകാത്തതിനാല്‍ മേല്‍ക്കൂരക്ക് താല്‍ക്കാലികമായി ഷീറ്റിട്ടിരിക്കുകയാണിപ്പോള്‍.
ഇപ്പോള്‍ ലിന്റല്‍ ഉയരത്തിലെത്തിയ ചുമരില്‍ കഴുക്കോലിട്ടാണ് മേല്‍ക്കൂര നിര്‍ത്തിയിട്ടുള്ളത്. ഒഴിവുള്ള സമയങ്ങളില്‍ സ്വന്തമായി ചുമരിന്റെ പണി ചെയ്തുവരികയാണിപ്പോള്‍. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാം സ്വന്തമായി ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണിദ്ദേഹം. രണ്ട് കിടപ്പുമുറി, അടുക്കള, സിറ്റ് ഔട്ട്, ഹാള്‍ തുടങ്ങി ഒരു വീട്ടിനു വേണ്ട എല്ലാ സൗകര്യങ്ങളൂമുള്ള വീടാണ് മുഹമ്മദ് മുസ്ല്യാര്‍ പണിതു വരുന്നത്. ഭാര്യയും മക്കളും ഉമ്മയുമടങ്ങിയ കുടുംബം ഇവിടെ ഈ വീട്ടിലാണിപ്പോള്‍ താമസം.

Next Story

RELATED STORIES

Share it