World

മുഹമ്മദ് മുര്‍സി തടവില്‍ കഴിയുന്നത് ജീവന് ഭീഷണിയാവുന്ന സാഹചര്യങ്ങളില്‍

മുഹമ്മദ് മുര്‍സി തടവില്‍ കഴിയുന്നത് ജീവന് ഭീഷണിയാവുന്ന സാഹചര്യങ്ങളില്‍
X


ലണ്ടന്‍: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി തടവറയില്‍ കഴിയുന്നത് ജീവന് ഭീഷണിയാവുന്ന സാഹചര്യങ്ങളിലെന്ന് അഭിഭാഷകരുടെയും ബ്രിട്ടിഷ് എംപിമാരുടെയും സംഘം. ദിവസവും 23 മണിക്കൂറിലധികം സമയം അദ്ദേഹം ഏകാന്ത തടവിലാണ് കഴിയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ അകാല മൃത്യുവിലേക്ക് വരെ നയിക്കുന്ന സാഹചര്യങ്ങളാണ് ജയിലിലെന്നും സംഘം ആശങ്ക പ്രകടിപ്പിച്ചു.
മുര്‍സിക്ക് ചികില്‍സ നിഷേധിക്കുന്ന നിലപാടാണ് സൈനിക ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടം തുടരുന്നതെന്നും ബ്രിട്ടിഷ് എംപി ക്രിസ്പിന്‍ ബ്ലന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി. ടിന്നുകളില്‍ അടച്ച ഭക്ഷണമാണ് ജയിലില്‍ മുര്‍സിക്ക് ലഭിക്കുന്നത്. പലപ്പോഴും ഇവ കേടുവന്നിട്ടുണ്ടാവും. മുര്‍സിയുടെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നശിച്ചുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവിനെത്തുടര്‍ന്നാണ് ആന്തരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് നിഗമനമെന്നും സംഘം വ്യക്തമാക്കി. പ്രമേഹരോഗത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അദ്ദേഹം അനുഭവിക്കുന്നുണ്ട്. ഇന്‍സുലിന്റെ അഭാവം കാഴ്ചശക്തിയെ ബാധിച്ചു. സിമന്റ്തറയിലെ ഉറക്കം കഴുത്തിനും നട്ടെല്ലിനും പരിക്കേല്‍ക്കാന്‍ കാരണമായതായും റിപോര്‍ട്ടില്‍ തറയുന്നു.
മുര്‍സി കഴിയുന്ന കുപ്രസിദ്ധമായ തോറ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ലണ്ടനിലെ നിയമസഹായ സ്ഥാപനമായ ഐടിഎന്‍ സോളിസേറ്റിഴ്‌സ് മുഖേന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് സംഘത്തെ നിയോഗിച്ചത്. ക്രൂരവും മനുഷ്യത്വരഹിതവുമാണ് ജയിലിലെ സാഹചര്യങ്ങളെന്ന് സംഘം അഭിപ്രായപ്പെട്ടു. അതേസമയം, തന്റെ പിതാവിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നു മുര്‍സിയുടെ മകന്‍ അബ്ദുല്ലാ മുര്‍സി ആവശ്യപ്പെട്ടു. മനപ്പൂര്‍വം മുര്‍സിക്ക് ചികില്‍സ നിഷേധിക്കുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സി 2013ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് പുറത്താക്കപ്പെട്ടത്. പിന്നീട് അധികാരത്തിലെത്തിയ സൈനിക ഭരണകൂടം മുര്‍സിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലിലടയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it