Religion

മുഹമ്മദ് അസദിനെ വായിക്കുമ്പോള്‍

പി.ടി. കുഞ്ഞാലി






വിഖ്യാത ദാര്‍ശനികനും എഴുത്തുകാരനുമായ മുഹമ്മദ് അസദിന്റെ പ്രൗഢമായൊരു രചനയാണ് എന്താണ് ശരീഅത്ത്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനിക സാകല്യമെന്തെന്നും അത് പ്രയോഗത്തില്‍ ആവിഷ്‌കരിക്കാന്‍ വെമ്പുന്ന മൂല്യവ്യവസ്ഥയെന്തെന്നും ആധുനികകാലത്ത് ഗഹനമായി അദ്ദേഹം ആലോചിക്കുന്നു. ഏറെ ലളിതവും മനുഷ്യമുഖമുള്ളതുമാണ് ഇസ്‌ലാം. തന്റെ സര്‍വ സൃഷ്ടിജാലങ്ങള്‍ക്കും ഭൂമിയില്‍ സുഖജീവിതം സാധിക്കുന്നതിന് മനുഷ്യര്‍ക്ക് കേവല ചുമതല നല്‍കുക മാത്രമല്ല, സ്രഷ്ടാവു ചെയ്തത്. ഇതിനുതകും വിധമുള്ള നിയമശാസനാപാഠങ്ങളും നല്‍കിയിട്ടുണ്ട്, സഹജമായ പ്രകൃതിനിയമങ്ങള്‍ക്കപ്പുറത്ത് ചില നിയമപ്രമാണങ്ങളും. മനുഷ്യജീവിതത്തിന്റെ വികാസപരിണാമത്തെയും സംഘബോധത്തിന്റെ താളരാശികളെയും ധനാത്മകമായി സംബോധന ചെയ്തുകൊണ്ടാണ് ഇത്തരം പ്രമാണങ്ങള്‍ രൂപപ്പെട്ടത്.
ചരിത്രത്തില്‍ എവിടെയൊക്കെ മാനവനാഗരികതകള്‍ സംഭവിച്ചുവോ അവിടെയൊക്കെയും പ്രവാചകനിയോഗങ്ങളും ഉണ്ടായിട്ടുണ്ട്. അതു സൃഷ്ടികളോടുള്ള സ്രഷ്ടാവിന്റെ കാരുണ്യമാണ്. ആദം മുതല്‍ ഈസാ പ്രവാചകന്‍ വരെയുള്ള മഹാപ്രവാചകത്വത്തിന്റെ ചരട് അന്ത്യപ്രവാചകനായ മുഹമ്മദില്‍ സമ്പൂര്‍ണമായും സമാപിക്കുന്നു. ഇനി നാഗരിക സാംസ്‌കാരിക പാഠങ്ങളുമായി സാമൂഹിക നിയോഗത്തിലേക്കൊരു പ്രവാചകനിയോഗമില്ല. അതേസമയം, നദീതടനാഗരികതകള്‍ അവസാനിക്കുകയും സാര്‍വദേശീയമായൊരു സാമൂഹികത ഉരുവപ്പെടുകയും ചെയ്യുകയായിരുന്നു. ഇനിയും വരാനിരിക്കുന്ന കാലങ്ങളിലേക്കു കൂടിയെത്തുന്ന സംവേദനക്ഷമതയും ഇലാസ്തികതയുമുള്ള സൂക്ഷ്മനിയമങ്ങള്‍. അതിന്റെ മഹനീയമായ ആവിഷ്‌കാരത്തിലൂടെയാണ് അദ്ദേഹം തന്റെ ചുറ്റുമുള്ള തെറിച്ച ഗോത്രവര്‍ഗങ്ങളെ
അത്യുദാത്തമായൊരു ജീവിതസമഗ്രതയിലേക്ക് ഹ്രസ്വകാലം കൊണ്ട് ആനയിച്ചത്. ഭൂമിയില്‍ സ്രഷ്ടാവ് ഉദ്ദേശിക്കുന്ന ഒരു സാമൂഹിക നിര്‍മിതി.
ഇതിന് ഒറ്റ അടിസ്ഥാനമാണുള്ളത്. സ്രഷ്ടാവിനുള്ള മനുഷ്യന്റെ ഉപാധിരഹിതമായ വിധേയത്വം. അതിലൂടെ ഭൂമിയില്‍ നിലനില്‍ക്കുന്ന സമ്പൂര്‍ണമായ നിര്‍ഭയത്വവും നീതിയും സമൃദ്ധിയും. ഈ നിയോഗങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുകയാണ് പ്രവാചകദൗത്യം. തന്റെ 23 വര്‍ഷം കൊണ്ടാണ് അവസാനപ്രവാചകന്‍ തന്റെ ദൈവികനിയോഗം സമ്പൂര്‍ണമായും പൂര്‍ത്തീകരിച്ചത്.
അത്യന്തം ലളിതവും മനുഷ്യോന്‍മുഖവുമായ ഈ ദൈവികസരണി കാലം കൊണ്ട് കേവലാനുഷ്ഠാനങ്ങളുടെ ജടികതയിലേക്കും അതിനെപ്രതിയുള്ള പ്രതിലോമ ചര്‍ച്ചകളിലേക്കും വഴുതിമാറി. അതോടെ ഭൂമിയില്‍ പരജീവിതങ്ങള്‍ക്ക് ആശ്വാസമാവേണ്ട ഈ മതം വിശ്വാസികള്‍ക്കു തന്നെ ഭാരമായി. അതോടെ ലോകത്തിലെ ഏറ്റവും ആര്‍ദ്രതയുള്ള ആ വിമോചനസരണി, ഒരാചാര മതമായി മാറി.
ഇതെങ്ങനെ സംഭവിച്ചെന്ന വസ്തുനിഷ്ഠമായ അന്വേഷണവും അതിന്റെ യുക്തിസഹമായ പരിഹാരവുമാണ് ഈ ചെറുഗ്രന്ഥത്തില്‍  അസദ് അന്വേഷിക്കുന്നത്. മുഹമ്മദ് അസദ് മലയാളിക്ക് അപരിചിതനല്ല. മക്കയിലേക്കുള്ള പാതയടക്കം നിരവധി പ്രഗല്ഭഗ്രന്ഥങ്ങളിലൂടെ അദ്ദേഹം മലയാളിക്കു മുന്നിലുണ്ട്. എന്നാല്‍, ഈ ചെറു രചന പ്രധാനമാവുന്നത് മറ്റൊരു തലത്തിലാണ്. പ്രവാചകന്റെയും ഉത്തരാധികാരികളുടെയും മറ്റനേകം നവോത്ഥാന നായകരുടെയും കാലത്തു പുലര്‍ത്തിയ മുന്‍ഗണനാക്രമങ്ങള്‍ പില്‍ക്കാലത്തുവന്ന രാജാക്കന്‍മാരും കുടിലപുരോഹിതന്‍മാരും നിര്‍ദ്ദയം അട്ടിമറിച്ചതാണീ ദയനീയ പരിണതിക്കു നിദാനമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
സ്രഷ്ടാവിന്റെ സരണിയും ശരീഅത്തും പില്‍ക്കാലത്ത് വഴിതെറ്റിയെത്തിയ പണ്ഡിതമണ്ഡൂ
കങ്ങള്‍ തിരസ്‌കരിക്കുകയും പകരം ഫിഖഹി (കര്‍മശാസ്ത്രം)നെ ആഘോഷത്തോടെ ജീവിതവ്യവഹാരങ്ങള്‍ക്കു മുന്നില്‍ നടയിരുത്തുകയും ചെയ്തു. ഫിഖ്ഹാവട്ടെ ഒട്ടും മനുഷ്യോന്‍മുഖമല്ലാത്ത അനുഷ്ഠാന തര്‍ക്കങ്ങളിലേക്കു ജനങ്ങളെ ഉന്തിയിടുകയും ചെയ്തു. അതോടെ ഇസ്‌ലാം അവരുടെ ജീവിതവ്യവഹാരങ്ങളുടെ വെളുമ്പിലേക്ക് തളര്‍ന്നുവീണു. ഈയൊരു നിരീക്ഷണം എത്രമേല്‍ സത്യസന്ധമാണെന്നു വര്‍ത്തമാന ഇസ്‌ലാമിക സാമൂഹികത നമ്മോടു പറഞ്ഞുതരുന്നു.
ഈ നിസ്സഹായതയില്‍നിന്ന് ഇസ്‌ലാമിനെ രക്ഷപ്പെടുത്തി അതിനെ പ്രവാചക ജീവിതാവിഷ്‌കാരത്തിന്റെ പുഷ്‌കരസരണിയിലേക്കു പുനസഞ്ചാരം ചെയ്യിക്കാന്‍ അസദ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. അതിന് വിശുദ്ധഖുര്‍ആനും പ്രവാചകപാഠങ്ങളുമാവണം അവലംബം.  അപ്പോള്‍ വിരിഞ്ഞിറങ്ങുക വിസ്മയകരമായ പരിഹാരങ്ങളാവും.
തീര്‍ച്ചയായും 20ാം നൂറ്റാണ്ടിന്റെ മധ്യകാലത്തുനിന്ന് അസദ് നടത്തിയ പ്രൗഢമായ നിരീക്ഷണങ്ങള്‍ ഉത്തരാധുനിക കാലത്തെ ഇസ്‌ലാം വായനയില്‍ പുതിയ തുറസ്സുകള്‍ ഉല്‍പ്പാദിപ്പിക്കും. അത്രയ്ക്കു തീക്ഷ്ണമാണീ കണെ്ടത്തലുകള്‍. എഴുത്തുകാരനായ അശ്‌റഫ് കീഴുപറമ്പിന്റേതാണ് പരിഭാഷ.
Next Story

RELATED STORIES

Share it