മുസ്‌ലിമാവാത്ത ദലിതരുടേത് മഹാ ദാക്ഷിണ്യമെന്ന് ഗുജറാത്ത് ഗവര്‍ണര്‍

ഗാന്ധിനഗര്‍: മുഗള്‍ ഭരണത്തില്‍ ഇസ്‌ലാം സ്വീകരിക്കാതെ ഉറച്ചുനിന്ന ദലിത് സമൂഹം രാജ്യത്തോട് മഹാ ദാക്ഷിണ്യമാണ് ചെയ്തതെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കൊഹ്‌ലി. വാദ്‌നഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ സോമഭായ് മോദിയുടെ സര്‍വോദയ സേവ ട്രസ്റ്റിന് കീഴില്‍ സംഘടിപ്പിച്ച ദലിതരെ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഗവര്‍ണറുടെ വിവാദ പ്രസംഗം.
ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലനിന്ന വേളയില്‍ മുസ്‌ലിം ഭരണകര്‍ത്താക്കള്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍, ദലിത് സമൂഹം മതം മാറാതെ പിടിച്ചുനിന്നു. മതം മാറില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചത് വാല്‍മീകി സമുദായമായിരുന്നു. പകരം അവര്‍ക്ക് കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജിന്നയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ടെങ്കിലും അംബേദ്കറുടെ നേതൃത്വത്തിലുള്ള ദലിത് സമൂഹം അത്തരമൊരു നീക്കം നടത്തിയില്ലെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.
നമ്മുടെ മാലിന്യം നീക്കുന്നതിനാലാണ് വാല്‍മീകി സമുദായത്തെ താന്‍ വിശുദ്ധരെന്ന് വിളിക്കുന്നതെന്നും അവര്‍ മാലിന്യം എടുത്തുകളഞ്ഞില്ലെങ്കില്‍ എല്ലാവരും ആശുപത്രിയിലാവുമെന്നും സോമഭായ് മോദി പറഞ്ഞു.
അതേസമയം, പട്ടേല്‍ സമുദായം ബിജെപിയില്‍നിന്നു അകലുന്ന പശ്ചാത്തലത്തില്‍ ദലിതരെ കൂടെനിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമമെന്ന് ആക്ഷേപമുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി പിന്തുണയില്‍ ദലിതരെ ആദരിക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്. സംവരണ വിഷയത്തില്‍ പട്ടേല്‍ സമൂഹം ബിജെപിയുമായി ഉടക്കിയിരിക്കേ കഴിഞ്ഞ വര്‍ഷാവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Next Story

RELATED STORIES

Share it