മുസ്‌ലിം സ്‌കൂളുകള്‍ നാളെ അടയ്ക്കും: കുട്ടികളുടെ കണക്ക് നല്‍കാനാവില്ല

വാണിമേല്‍: സംസ്ഥാനത്തെ മുസ്‌ലിം സ്‌കൂളുകള്‍ നോമ്പിനോടനുബന്ധിച്ചു നാളെ അടയ്ക്കും. സ്‌കൂള്‍ തുറന്നു മൂന്നു പ്രവൃത്തിദിവസങ്ങള്‍ മാത്രം കഴിഞ്ഞ് അടയ്ക്കുന്നതിനാല്‍ ആറാം പ്രവൃത്തിദിനത്തില്‍ നല്‍കേണ്ട കുട്ടികളുടെ കണക്ക് നല്‍കാനാവില്ല. മുസ്‌ലിം സ്‌കൂളുകളിലെ കണക്കുകള്‍ ശേഖരിക്കേണ്ടത് എങ്ങനെയെന്ന് അധികൃതര്‍ക്കും ധാരണയില്ല.
ആറാം പ്രവൃത്തി ദിനത്തില്‍ ഹാജരായ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുവര്‍ഷത്തെ ഫിക്‌സേഷന്‍ നടത്തുക. ആകെയുള്ള തസ്തികകളിലെ അധ്യാപകരുടെ എണ്ണം, വിവിധ ഭാഷ പഠിക്കുന്നവരുടെ എണ്ണം, സൗജന്യ യൂനിഫോം, പുസ്തകം തുടങ്ങി സ്‌കൂളിന്റെ എല്ലാവിധ കാര്യങ്ങള്‍ക്കും ഈ കണക്കാണ് ആധാരമാക്കുക. ഫിക്‌സേഷന്‍ പൂര്‍ത്തിയായില്ലെങ്കില്‍ തൊട്ടടുത്ത മാസം മുതല്‍ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കില്ല.
ഈ വര്‍ഷം ജൂണ്‍ എട്ട് ബുധനാഴ്ചയാണ് ആറാം ദിനത്തിലെ കണക്കുകള്‍ നല്‍കേണ്ടത്. അന്നു വരെ കുട്ടികളെ ചേര്‍ക്കാനും സമയമുണ്ട്. അതിനുശേഷം ചേര്‍ക്കുന്നവരെ ഈ വര്‍ഷം സ്‌കൂളില്‍ നിന്നു ലഭിക്കുന്ന ഒരാനുകൂല്യത്തിനും പരിഗണിക്കില്ല. മുസ്‌ലിം സ്‌കൂളുകള്‍ നാളെ അടച്ചാല്‍ പെരുന്നാളിനു ശേഷം ജൂലൈ 12നാണ് തുറക്കൂ. ഇതോടെ മൂന്നാംദിവസം ഹാജരായവരുടെ കണക്ക് ആറാം ദിവസത്തേതാക്കി നല്‍കുകയോ നോമ്പ് കഴിഞ്ഞു സ്‌കൂള്‍ തുറന്നശേഷം മൂന്നു പ്രവൃത്തിദിനങ്ങള്‍ കൂടി കഴിഞ്ഞു കണക്കുകള്‍ നല്‍കുകയോ നിര്‍വാഹമുള്ളൂ. കണക്ക് നല്‍കേണ്ട രീതി സംബന്ധിച്ചു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തുതല അധ്യാപക സംഗമത്തിലെത്തിയ ഉദ്യോഗസ്ഥരും ഉടന്‍ തീരുമാനം ഉണ്ടാവുമെന്നു മാത്രമാണു പറഞ്ഞത്. മൂന്നാംദിനത്തിലെ കണക്കുകള്‍ ആധാരമാക്കിയാല്‍ മറ്റു സ്‌കൂളുകളിലേക്കു മാറിയവരുടെ എണ്ണം കൂടി ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കണക്കുകള്‍ കൃത്യമാവാന്‍ സാധ്യത കുറവാണ്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണു മുസ്‌ലിം സ്‌കൂള്‍ അധികൃതര്‍.
Next Story

RELATED STORIES

Share it