മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണം: ടി പി അബ്ദുല്ലക്കോയ മദനി

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ അര്‍ഥമില്ലെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നും കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ഐഎസ്എം സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ പള്ളി പ്രവേശനത്തെ കുറിച്ച് അഭിപ്രായം പറയുന്ന രാഷ്ട്രീയനേതാക്കളെ ഭീഷണിപ്പെടുത്തുന്നത് അപഹാസ്യമാണ്. ശബരിമല വിധി സ്ത്രീകളുടെ പള്ളിപ്രവേശനവുമായി കൂട്ടിക്കലര്‍ത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. വിവാദങ്ങളുണ്ടാക്കി ഇസ്‌ലാമിക ശരീഅത്തിനെ അപഹസിക്കുന്നത് നീതീകരിക്കാനാവില്ല. മതനിരാശ പ്രചാരണത്തിന്റെ മറവില്‍ മതത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഐഎസ്എമ്മിന്റെ അടുത്ത ആറുമാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കി. സംസ്ഥാന വ്യാപകമായി മഹല്ലുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങളുടെ ഉദ്ഘാടനം 28ന് എടത്തനാട്ടുകരയില്‍ നടക്കും. 16ന് ഐഎസ്എം ഗോള്‍ഡന്‍ ഹോം പ്രവൃത്തി ഉദ്ഘാടനം പറവൂരിലും 20ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും നടക്കും. നവംബര്‍ 24, 25 തിയ്യതികളില്‍ തിരൂരില്‍ ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിക്കും. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന സന്ദേശയാത്രയുടെ സമാപനം ഡിസംബര്‍ 30ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ച് രാജ്യാന്തര ഖുര്‍ആന്‍ പ്രദര്‍ശനവും സംഘടിപ്പിക്കാന്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസയ്ന്‍ മടവൂര്‍, എം അബ്ദുറഹ്മാന്‍ സലഫി, എ അസ്ഗറലി, പി കെ സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, ശരീഫ് മേലേതില്‍, കെ എം എ അസീസ്, നാസര്‍ മുണ്ടക്കയം, മമ്മൂട്ടി മുസ്—ല്യാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it