മുസ്‌ലിം സ്ത്രീകളോട് വിവേചനം: സുപ്രിംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് സ്വമേധയാ പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ചെയ്യാനും കേസ് പരിഗണിക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനോട് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് മുസ്‌ലിംകള്‍ക്കിടയിലെ വിവാഹമോചനവും ബഹുഭാര്യത്വവും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടത്. ഹിന്ദു പെണ്‍മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിലുള്ള തുല്യാവകാശം സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നതായി അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്. ഒക്‌ടോബര്‍ 16നായിരുന്നു ഇതുസംബന്ധിച്ച കോടതിയുടെ ഉത്തരവ്.
പൊതുതാല്‍പ്പര്യ ഹരജികള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ചട്ടം മറികടന്നാണ് രണ്ടംഗ ബെഞ്ചിന്റെ പുതിയ തീരുമാനം.
മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യത്വവും മുസ്‌ലിം സ്ത്രീയുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്ന് ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍ നിരീക്ഷിച്ചു. ഹിന്ദു സ്വത്തവകാശം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചാണെങ്കിലും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത് അവഗണിക്കാനാവില്ല.
ത്വലാഖ്, ബഹുഭാര്യത്വം എന്നിവ സംബന്ധിച്ച് 1990കള്‍ മുതലുള്ള നിരവധി ഉത്തരവുകളും ഗോയല്‍ ഉദ്ധരിച്ചു. ഒരു ഭാര്യ നിലവിലിരിക്കെ മുസ്‌ലിം പുരുഷന്‍ രണ്ടാമതും വിവാഹം കഴിക്കുന്നത് വിവേചനവും നീതികേടുമാണോ, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്നീ കാര്യങ്ങളായിരിക്കും പ്രത്യേക ബെഞ്ച് പരിശോധിക്കുക.
Next Story

RELATED STORIES

Share it