Thejas Special

മുസ്‌ലിം സാഹചര്യങ്ങള്‍:ചില നിരീക്ഷണങ്ങള്‍

അബൂശാമില്‍


പ്തംബര്‍ 11ന്റെ ന്യായാന്യായങ്ങള്‍ പരതുകയാണ് കാലം. സപ്തംബര്‍ 11ന്റെ അക്കൗണ്ട് ലോക മുസ്‌ലിംകളുടെ നെഞ്ചത്ത് ഒരു താങ്ങാഭാരമായി അടിച്ചേല്‍പ്പിക്കാന്‍ സയണിസ്റ്റുകള്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഒരു കണ്ഠാഭരണമായി എടുത്തണിയുകയാണ് മുസ്‌ലിം ലോകത്തെ ചില ഉടന്‍ വിപ്ലവകാരികള്‍. 2500ലധികം വരുന്ന നിരപരാധികളായ അമേരിക്കക്കാരുടെ മരണത്തിനു പ്രായച്ഛിത്തമായി പത്തു ലക്ഷത്തിലധികം മുസ്‌ലിംകള്‍ ഇതുവരെയായി ജീവന്‍ കൊടുത്തുകഴിഞ്ഞു. 20 ലക്ഷത്തിലധികം മുസ്‌ലിംകള്‍ അഭയാര്‍ഥികളായി ലോകം മുഴുവന്‍ അലഞ്ഞുകൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു സാമാന്യജനങ്ങള്‍ക്കു തോന്നുമെങ്കിലും, അഫ്ഗാനിലും ഇറാഖിലും സിറിയയിലും തുനീസ്യയിലും അടക്കം ലോകത്ത് മുഴുവന്‍ നടക്കുന്ന കൂട്ടക്കൊലകള്‍ 2001 സപ്തംബറിനു മുമ്പേതന്നെ എഴുതിവച്ച സയണിസ്റ്റ് തിരക്കഥയുടെ പൂര്‍ത്തീകരണമാണ്.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ തിരക്കഥ കാലാവസാനം വരെ നീണ്ടുനില്‍ക്കുന്ന, ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ എപ്പിസോഡുകളുള്ള ഒരു കഥയായി തുടര്‍ന്നുകൊണ്ടിരിക്കും. തങ്ങളുടെ ആയുധം ആറ്റംബോംബിനെ വെല്ലുന്ന തങ്ങളുടെ തലച്ചോറാണെന്ന് മൊസാദ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഒരു പ്രീപ്ലാന്റ് സ്‌ക്രിപ്റ്റിന്റെ നിര്‍ണായകമായ ലോഞ്ചിങ് ആയിരുന്നു 2001 സപ്തംബര്‍ 11. 2015 സപ്തംബര്‍  ആകുമ്പോഴേക്കും മുസ്‌ലിം ഉന്മൂലനത്തിനുള്ള സയണിസ്റ്റുകളുടെ ദീര്‍ഘകാല പദ്ധതി നല്ലൊരു ശതമാനം വിജയം കണ്ടുകഴിഞ്ഞു. 2001 സപ്തംബറിനു മുമ്പേയുള്ള മുസ്‌ലിം ലോകമല്ല ഇന്നുള്ളത്. അംഗങ്ങള്‍ ഛേദിക്കപ്പെട്ട് ആസന്നമരണത്തിലേക്കു ചലിക്കുന്ന 'നിഴലടികള്‍' ആയി മാറിക്കൊണ്ടിരിക്കുകയാണ് മുസ്‌ലിം സമുദായം ഇന്ന്. സയണിസ്റ്റുകളുടെ പ്രധാന അജണ്ടയായ സുന്നി-ശിയാ വിഭജനം വളരെ ശാസ്ത്രീയമായി പണ്ടെങ്ങും ഇല്ലാത്തവിധം നടന്നുകഴിഞ്ഞിരിക്കുന്നു. 1994ലാണ് താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുന്നത്. റഷ്യന്‍ ചെങ്കരടികള്‍ക്കു നേരെ സന്ധിയില്ലാ സമരം നയിച്ച പഞ്ചശീര്‍ താഴ്‌വരയിലെ അഹ്മദ് ഷാ മസ്ഊദടക്കം മുന്‍നിര മുജാഹിദീന്‍ നേതാക്കള്‍ ആ തീക്കാറ്റില്‍ കത്തിയമര്‍ന്നു. ഇസ്‌ലാമിക വിപ്ലവാചാര്യന്‍ ഹിക്മതിയാര്‍ അടക്കമുള്ളവര്‍ ഇറാനിലേക്കു രക്ഷപ്പെട്ടു. പിന്നീട് അവരെക്കുറിച്ച് നമ്മുടെ നാട്ടിലും മറുനാട്ടിലുമുള്ള ഒരു വിപ്ലവസംഘവും തങ്ങളുടെ സമകാലികങ്ങളില്‍ പോലും ഒന്നും പരാമര്‍ശിച്ചതേയില്ല. അവര്‍ക്കറിയാവുന്നതും അവര്‍ പറഞ്ഞുതന്നതും വിപ്ലവത്തിന്റെ കറുപ്പും വെളുപ്പും വരകളുള്ള തലേക്കെട്ടുകാരുടെ വീരകഥകളാണ്.

അല്‍ഖാഇദയുടെ ആഗമനത്തോടെ അഫ്ഗാന്‍ മലമടക്കുകള്‍ അതിസാഹസികതകള്‍ക്കു സാക്ഷിയായി. സയണിസ്റ്റ് സ്‌ക്രിപ്റ്റിന്റെ പ്രത്യേക ട്വിസ്റ്റില്‍ സപ്തംബര്‍ 11 സംഭവിക്കുന്നു. അതോടെ കഥയിലെ അധിനിവേശരംഗങ്ങള്‍ക്ക് തുടക്കമായി. യാങ്കികളുടെ കരയില്‍ നിന്നും ആകാശത്തു നിന്നുമുള്ള ആക്രമണങ്ങളില്‍ അഫ്ഗാന്‍ നരകമായി. പതിനായിരങ്ങള്‍ മരിച്ചുവീണു. ആയിരങ്ങളെ ഗ്വണ്ടാനമോയിലേക്ക് 'പാര്‍സല്‍' ചെയ്തു. ഇന്നു യാങ്കികള്‍ നാടുവിടാന്‍ തുടങ്ങിയെങ്കിലും ഒരിക്കലും അവസാനിക്കാത്ത മനുഷ്യക്കുരുതികള്‍ക്ക് പ്രചോദനം നല്‍കുന്ന കറുപ്പ് അവര്‍ അഫ്ഗാന്‍ ജനതയുടെ തലച്ചോറില്‍ പാകിക്കഴിഞ്ഞു. ഇനി പകയുടെയും ലക്ഷ്യമില്ലായ്മയുടെയും പ്രതിരൂപങ്ങളായി ആ ഗോത്രസമൂഹങ്ങള്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കും.

ഇറാഖിലേക്കുള്ള അമേരിക്കന്‍ അധിനിവേശം ഇന്നലെ വരെ നടന്ന ഐ.എസ്. കൂട്ടക്കൊലകള്‍ വരെ നീണ്ടുനില്‍ക്കുന്നു. അതിഭീകരങ്ങളായ കൂട്ടക്കൊലകള്‍ കുരിശുയുദ്ധകാലങ്ങളെ ഓര്‍മിപ്പിക്കുന്ന രക്തപ്പുഴകള്‍ കൊണ്ട് ഇറാഖിനെ ചുവപ്പിച്ചു. സുന്നികളും ശിയാക്കളും കുര്‍ദുകളും കൂട്ടക്കൊല ചെയ്യപ്പെട്ടു. നൂറു പേരുടെയെങ്കിലും മയ്യിത്തുകള്‍ കാണാതെ ടൈഗ്രീസ് നദിക്കു മുകളില്‍ സൂര്യന്‍ ഉദിക്കാറേയില്ല എന്ന അവസ്ഥ വന്നു. ജൂതന്റെ തന്ത്രങ്ങള്‍ ഏകദേശം വിജയം കണ്ടതിന്റെ നേര്‍ചിത്രങ്ങള്‍ ഇന്നു നമ്മുടെ ഉറക്കം കെടുത്തുന്നു. ഇറാഖിലെയും സിറിയയിലെയും തെരുവുകള്‍ സ്വയം പൊട്ടിത്തെറിക്കുന്ന മനുഷ്യബോംബുകള്‍ കൊണ്ട് നിറഞ്ഞു. അമേരിക്കന്‍-ഇസ്രായേല്‍ ധിക്കാരത്തിനെതിരേ രക്തസാക്ഷി ആക്രമണങ്ങള്‍ ലോകത്തില്‍ പരിചയപ്പെടുത്തിയ ഇറാന്‍ വിപ്ലവ ഗ്രൂപ്പുകളും ഇസ്‌ലാമിക് ജിഹാദടക്കം ഫലസ്തീന്‍ പോരാളികളും സ്വയം പൊട്ടിത്തെറിക്കുമ്പോള്‍ അവരുടെ മനസ്സില്‍ രക്തസാക്ഷ്യത്തിനുള്ള അഭിവാഞ്ഛയും ശത്രുവിനെക്കുറിച്ചുള്ള തിരിച്ചറിവും ടാര്‍ജറ്റും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നു വഹാബി ഗ്രൂപ്പുകള്‍ ഒരു ലക്ഷ്യവുമില്ലാതെ നിരപരാധികളായ മനുഷ്യരെ കൊന്നുതീര്‍ക്കുക എന്ന മൊസാദ് അജണ്ടയാണ് നടപ്പാക്കുന്നത്. കുര്‍ദ്, യസീദികള്‍ അടക്കം സുന്നി, ശിയാക്കള്‍ വരെയുള്ള ഇറാഖിലെയും സിറിയയിലെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൂട്ടത്തോടെ തട്ടിയെടുത്ത് നിര്‍ബന്ധപൂര്‍വം ചാവേറുകളാക്കുന്ന ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

നേതൃത്വമില്ലാത്ത സമൂഹത്തിന്റെ ദുരന്തങ്ങള്‍ തുടങ്ങുന്നത് ഇന്നോ ഇന്നലെയോ അല്ല. ഇറാന്‍ വിപ്ലവത്തിന്റെ ഭയപ്പാടില്‍ ഇസ്രായേല്‍ തുടങ്ങിവച്ച തിരക്കഥ എല്ലാ അര്‍ഥത്തിലും അതിന്റെ ക്ലൈമാക്‌സിലേക്ക് മുന്നേറുകയാണ്. 1980ല്‍ വിപ്ലവാനന്തര ഇറാനെ കൊന്നുകളയാന്‍ സദ്ദാമിനു പ്രചോദനം നല്‍കിയ മുഴുവന്‍ അറബ് രാജ്യങ്ങളും അമേരിക്കയും എട്ടിലധികം വര്‍ഷങ്ങള്‍ കൊണ്ട് കൊന്നുതീര്‍ത്തത് പത്തു ലക്ഷത്തിലധികം മുസ്‌ലിംകളെയാണ്. അവസാനം മുട്ടുമടക്കിയ യഹൂദി-യാങ്കി കൂട്ടുകെട്ടിന് ഇറാന്റെ തിരിച്ചുവരവ് വാപൊളിച്ച് ഈര്‍ഷ്യയോടെ നോക്കിക്കാണേണ്ടി വന്നു. പിന്നീട് അവര്‍ കണ്ട ഏകവഴി മുസ്‌ലിം ലോകത്ത് സുന്നി-ശിയാ ഗ്രൂപ്പുകളെ ഉയര്‍ത്തി മുസ്‌ലിം ഐക്യം തകര്‍ത്തുകളയുക എന്നതാണ്. അതിനായി ലോകമെമ്പാടുമുള്ള 'ജിഹാദി' ഗ്രൂപ്പുകളെ ഏകോപിപ്പിക്കുക എന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടുകൊണ്ടിരിക്കുന്നത്.

ആറോളം വരുന്ന ഇസ്രായേല്‍/ അമേരിക്കന്‍ സ്‌പോണ്‍സേഡ് കൊലയാളിസംഘങ്ങള്‍ കളിക്കളം നിറഞ്ഞാടുകയാണ്. ഈയിടെ പാകിസ്താന്‍ സര്‍ക്കാര്‍ കൊന്നുകളഞ്ഞ ലശ്കറെ ജംഗവി നേതാവ് മാലിക് ഇസ്ഹാഖ്, ഇറാന്‍ ഗവണ്‍മെന്റ് തൂക്കിലേറ്റിയ ജുന്‍ദുല്ലാ നേതാവ് അബ്ദുല്‍ മാലിക് റീഗി മുതല്‍ തെഹ്‌രീകെ താലിബാന്‍ നേതാവ് ഹകീമുല്ലാ മസ്ഊദ്, ഐ.എസ്. നേതാവ് അബൂബക്കര്‍ ബഗ്ദാദി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കൂലിപ്പട്ടാളക്കാര്‍ ഈ കൂട്ടായ്മയിലെ പ്രധാന കണ്ണികളാണ്. താലിബാന്‍ വിമത ഗ്രൂപ്പുകള്‍ അടക്കം താല്‍ക്കാലിക പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു കച്ചവടസംഘങ്ങള്‍ വരെയുള്ള 70ഓളം ടെററിസ്റ്റ് ഗ്രൂപ്പുകളെ ഒരേ ചരടില്‍ കോര്‍ക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. അഫ്ഗാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കറുപ്പാണ് പ്രചോദനമെങ്കില്‍ പുതിയകാല ജിഹാദിന്റെ പ്രചോദനം എണ്ണയും അഭയാര്‍ഥികളാക്കപ്പെടുന്ന സ്ത്രീകളുമാണെന്ന കാര്യം കൊലയാളിസംഘങ്ങള്‍ പോലും നിഷേധിക്കുന്നില്ല. അവര്‍ അതിന് ഇസ്‌ലാമിക ഭാഷ്യം ചമയ്ക്കുന്നു എന്നു മാത്രം.

ഈയിടെ ഐ.എസില്‍ ലയിച്ച ബോക്കോ ഹറാം ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോയ 3000ല്‍പരം സ്ത്രീകളെ നൈജീരിയന്‍ സൈന്യം മോചിപ്പിക്കുകയുണ്ടായി. മോചിപ്പിക്കപ്പെട്ടവരില്‍ പകുതിയിലധികം സ്ത്രീകളും ഗര്‍ഭിണികളായിരുന്നു എന്ന സത്യം ലോകം അറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്. തടവിലാക്കപ്പെട്ട കുട്ടികളില്‍ പലരെയും നിര്‍ബന്ധിത ചാവേറുകളാക്കി കൊന്നുകളഞ്ഞ കഥയും അല്‍ജസീറ പോലുള്ള ചാനലുകളിലൂടെ ലോകം അറിഞ്ഞതാണ്. വാര്‍ത്തകളുടെ സത്യസന്ധത തിരക്കി സമയം കളഞ്ഞ് അവസാനം യാഥാര്‍ഥ്യത്തെ വിസ്മൃതിയില്‍ തള്ളുക എന്നതാണ് നമ്മുടെ എക്കാലത്തെയും വിനോദം. ഇക്കാലത്ത് വാര്‍ത്തകളുടെ യാഥാര്‍ഥ്യം അറിയുക എന്നത് സങ്കീര്‍ണമല്ലെന്നിരിക്കെ മുഴുവന്‍ വാര്‍ത്തകളും ഫാബ്രിക്കേറ്റഡ് ആണെന്നു സമാധാനിക്കുകയാണ് മുസ്‌ലിംകളില്‍ നല്ലൊരു ശതമാനം. അതേസമയം, വാര്‍ത്തകളേക്കാള്‍, വാര്‍ത്തകള്‍ നിര്‍മിക്കുന്ന ഭീകരസംഘങ്ങളെ സൃഷ്ടിക്കുന്നതില്‍ ഇസ്രായേലിന്റെ പങ്ക് അവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ മുഴുവന്‍ വഹാബി-തുക്ഫദി ഗ്രൂപ്പുകള്‍ക്കും തങ്ങളുടെ തന്നെ  വെബ്‌സൈറ്റുകളും മറ്റു പ്രചാരണമാധ്യമങ്ങളും നിലവിലുണ്ട്. ഈ മാധ്യമങ്ങളിലൂടെത്തന്നെയാണ് എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും അവര്‍ ന്യായീകരിക്കുന്നതും അതിന് ഇസ്‌ലാമിക പരിവേഷം നല്‍കുന്നതും ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം വികൃതമാക്കുന്നതും.

സ്ത്രീപീഡനങ്ങളും സെക്‌സും കൊലകളുമെല്ലാം പുത്തന്‍ വഹാബി ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളിലൂടെ മാറ്റിയെഴുതപ്പെടുന്നു. ഇറാഖിലെയും സിറിയയിലെയും വാര്‍ത്തകള്‍ സത്യസന്ധമായി റിപോര്‍ട്ട് ചെയ്യാനും യാഥാര്‍ഥ്യങ്ങളുടെ നേര്‍ച്ചിത്രങ്ങള്‍ പുറംലോകത്ത് എത്തിക്കാനും ശ്രമിച്ച പല മീഡിയാ പ്രവര്‍ത്തകരെയും കൊലയാളിസംഘങ്ങള്‍ കശാപ്പുചെയ്തു. അല്‍ജസീറയ്ക്കു വേണ്ടി സ്വതന്ത്ര മീഡിയാ പ്രവര്‍ത്തനം നടത്തിയിരുന്ന  യാസീന്‍ അല്‍ ജുമൈലിയുടെ കഥ ദി ലീസ്റ്റ് അസൈന്‍മെന്റ് എന്ന ഡോക്യുമെന്ററിയിലൂടെ അല്‍ജസീറ പറയുന്നുണ്ട്. ഇറാഖ് തുര്‍ക്കി അതിര്‍ത്തിയില്‍ ജീവന്‍ പണയം വച്ച് കുര്‍ദ് പീഡനകഥകള്‍ ലോകത്തെത്തിച്ച പ്രസ് ടി.വി. റിപോര്‍ട്ടര്‍ സറീന ഷിം എന്ന പെണ്‍കുട്ടിയെ കൊന്നു. കാറപകടമെന്നാണ് പക്ഷേ പ്രചരിപ്പിച്ചത്. 2014ല്‍ 114ലധികം ജേണലിസ്റ്റുകളാണ് ദൗത്യനിര്‍വഹണത്തിനിടയില്‍ മരിച്ചത്.

മുസ്‌ലിം ലോകം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനും യഥാര്‍ഥ ചെറുത്തുനില്‍പ്പ് വിപ്ലവപോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനും സയണിസ്റ്റ് നിയന്ത്രിത സംഘങ്ങളുടെ രംഗപ്രവേശത്തോടെ കഴിഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുല്ലപ്പൂവിപ്ലവം അട്ടിമറിക്കപ്പെട്ടു. ഈജിപ്തിലെ ഇഖ്‌വാന്റെ വിജയം  അത്യാവേശത്തോടെ മുസ്‌ലിം ലോകം നോക്കിക്കണ്ടു. സുന്നി-ശിയാ ഐക്യവും അതുമൂലം ശക്തമായ ഒരു ഇസ്‌ലാമിക പക്ഷം പണിയുക എന്ന ലക്ഷ്യവുമുള്ള മുര്‍സിയുടെ ഭരണം വഹാബികളെയും യഹൂദികളെയും ഒരുപോലെ ഭയപ്പെടുത്തി. 2013ല്‍ ലോകത്തെ കരുത്തരായ രണ്ടു മുസ്‌ലിം ഭരണാധികാരികളായ മുര്‍സിയും അഹ്മദി നജാദും ഈജിപ്തില്‍ ഒരുമിച്ചിരുന്നു. സുന്നി-ശിയാപ്രശ്‌നങ്ങളും ഏകീകരണത്തിന്റെ സാധ്യതയും അവര്‍ അന്നു ചര്‍ച്ച ചെയ്തു.

മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം സിറിയ തന്നെയായിരുന്നു. ഒരു ശിയാ അവാന്തര വിഭാഗ ഭരണകൂടമെന്ന നിലയ്ക്ക് സിറിയയെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന ഇറാനും ഈജിപ്തും ചേര്‍ന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണ് സിറിയയിലേത് എന്ന് ഇസ്രായേലിനു ബോധ്യമുണ്ടായിരുന്നു. ഇസ്രായേലിനു വേണ്ടത് സിറിയ എന്നും അഗ്നി അണയാത്ത ഒരു തീക്കുണ്ഡമായി നിലനില്‍ക്കുക എന്നതായിരുന്നു. അതിനു വേണ്ടത് സുന്നി മുസ്‌ലിം പക്ഷത്തു ശക്തമായ ഒരു നേതൃത്വം ഇല്ലാതാക്കുക എന്നതായിരുന്നു. ഇസ്രായേലിന്റെ ഈ തിരിച്ചറിവാണ് തെമ്മാടിസംഘങ്ങളെ ഇറക്കിവിട്ട് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പതിനായിരങ്ങള്‍ തെരുവില്‍ പിടഞ്ഞുവീണു മരിച്ചു. അങ്ങനെ ഇസ്‌ലാമിക ലോകത്തിന്റെ ഐക്യത്തിന്റെയും പ്രത്യാശയുടെയും നുറുങ്ങുവെട്ടവും കെടുത്തിക്കളഞ്ഞു. 2013 സപ്തംബറില്‍ മുര്‍സിയെ ജയിലില്‍ അടച്ചു. പല ഇഖ്‌വാന്‍ നേതാക്കളെയും തൂക്കിലേറ്റി. മുര്‍സി പ്രസിഡന്റായി തുടരുകയും പുതിയ ഒരു ഇസ്‌ലാമിക ലോകക്രമം നിലവില്‍ വരുകയും ചെയ്യുകയുമായിരുന്നെങ്കില്‍ ഇന്നു രക്തപ്പുഴയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം ലോകത്തിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നേനെ.

മുര്‍സിയെ തടവറയിലേക്കു തള്ളിയവര്‍ ഇനി ഒരു സുന്നി-ശിയാ ഐക്യം രൂപപ്പെട്ടുവരാത്ത രീതിയില്‍ ഇസ്‌ലാമിക വിപ്ലവത്തിനു കറുപ്പുനിറം നല്‍കി. ലോകത്ത് അവശേഷിക്കുന്ന മുഴുവന്‍ വിമോചനപ്രസ്ഥാനങ്ങളെയും സ്വാധീനം ഉപയോഗിച്ചു വഹാബിസംഘങ്ങള്‍ ആവാഹിച്ചെടുത്തു. യുദ്ധമുന്നണിയില്‍ എണ്ണയും മനുഷ്യരും വീതംവയ്ക്കപ്പെട്ടു. ഓരോ ഗ്രൂപ്പും തങ്ങള്‍ക്ക് വാരിക്കൂട്ടാവുന്ന പണവും എണ്ണയും സ്വന്തമാക്കി. അതിനെ അവര്‍ 'ഗനീമത്ത് മുതലുകള്‍' എന്നു വിശേഷിപ്പിച്ചു. തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലെ ബന്ദികളെ അടിമകളാക്കാമെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഓതി ന്യായീകരിച്ചു. പേപിടിച്ച ഓട്ടത്തിനിടയില്‍ ഈ സംഘങ്ങള്‍ പരസ്പരം കൊന്നൊടുക്കി. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഏകദേശം 2000 പേരാണ് ഇത്തരം ഗ്രൂപ്പുയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് 30ഓളം ജയ്‌ശെ ഇസ്‌ലാമിക്കാരുടെ തലയറുത്തപ്പോള്‍ അതേ ആഴ്ചയില്‍ തന്നെ ജയ്‌ശെ ഇസ്‌ലാമി എന്ന വഹാബി ഗ്രൂപ്പ് 18 ഇസ്‌ലാമിക് സ്റ്റേറ്റുകാരുടെ തലയറുത്തു. അതേ മാസം അഫ്ഗാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച ഐ.എസുകാര്‍ 15 താലിബാന്‍കാരെ കൂട്ടക്കൊല ചെയ്തു. ഐ.എസിന്റെ അഫ്ഗാനിലേക്കുള്ള തേരോട്ടം ഗ്രൂപ്പുകളായി നിന്നിരുന്ന താലിബാന്‍ വിഭാഗങ്ങളില്‍ കൂടുതല്‍  വിള്ളലുണ്ടാക്കി. മുന്‍ താലിബാന്‍ നേതാവായ മുല്ലാ അബ്ദുല്‍ റഊഫിനെപ്പോലുള്ളവര്‍ ഐ.എസ്. കൊലയാളിസംഘങ്ങള്‍ക്കായി  അഫ്ഗാനില്‍ പുതിയ താവളങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ മരണം പോലും കൊലപാതകമാണെന്നും അദ്ദേഹത്തെ 'സ്ലോ പോയ്‌സന്‍' ഉപയോഗിച്ചു കൊന്നതാണെന്നും പുതിയ നേതാവായ മുല്ലാ അഖ്തര്‍ മുഹമ്മദ് മന്‍സൂറടക്കമുള്ളവര്‍ക്ക് അതില്‍ പങ്കുണ്ടെന്നും ഹഖാനി ഗ്രൂപ്പുകാരടക്കമുള്ളവര്‍ ആരോപിക്കുന്നു.

'ഖിലാഫത്തു'കാരുടെ തേരോട്ടത്തില്‍ മുങ്ങിപ്പോയത് ഫലസ്തീന്‍ സമരമുഖമാണ്. ഒരിക്കല്‍ ലോക മുസ്‌ലിംകളുടെ മുഴുവന്‍ ശ്രദ്ധയും ഫലസ്തീനില്‍ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഇന്നത് ഒരു വിഷയമല്ലാതായിരിക്കുന്നു. മാത്രമല്ല, ഐ.എസ്. പോലുള്ള സംഘടനകള്‍ ഫലസ്തീനി പോരാളി ഗ്രൂപ്പുകളെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈയടുത്ത നാളുകളില്‍ ഗസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളും സിറിയയിലെ യര്‍മൂഖ് ഫലസ്തീന്‍ ക്യാംപിലെ ഐ.എസ്. ആക്രമണവും ഫലസ്തീന്‍ പോരാട്ട ഗ്രൂപ്പുകളെ ഏറെ പ്രകോപിപ്പിക്കുകയുണ്ടായി. ഹമാസ് അടക്കമുള്ള ചെറുത്തുനില്‍പ്പുസംഘങ്ങള്‍ ഐ.എസ്. വെല്ലുവിളി പരസ്യമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ ഇസ്രായേലിന്റെ ദുഷ്ടലാക്കുകള്‍ ലക്ഷ്യം കണ്ടു. അവരുടെ എല്ലാ കണക്കുകൂട്ടലുകളും കൃത്യമായി പര്യവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം ലോകത്തിന്റെ പ്രത്യേകിച്ച് സുന്നിലോകത്തിന്റെ തികഞ്ഞ പരാജയമായി ഈ അവസ്ഥ ലോകം വിലയിരുത്തുന്നു. മുര്‍സിയെ ജയിലില്‍ അടച്ചവരോട് വിപ്ലവാനന്തര ഇറാനുമായുള്ള സുന്നിപക്ഷത്തിന്റെ ചര്‍ച്ചകളുടെ എല്ലാ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. ഉര്‍ദുഗാന്‍ ഭരണകൂടം സൗദിയുടെ കളിപ്പാവയായി അധഃപതിക്കുകയും ഐ.എസ്. പോലുള്ള സംഘങ്ങളുടെ രക്ഷാധികാരിയാവുകയും ചെയ്തതോടെ തുര്‍ക്കിയും ഇന്നു കലാപഭൂമിയായി മാറിയിരിക്കുന്നു.

അടുത്ത കാലത്ത് ഏറെ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കിയിലെ കമ്മ്യൂണിസ്റ്റ്-കുര്‍ദ് പാര്‍ട്ടികള്‍ തുര്‍ക്കി ഭരണകൂടവുമായി സായുധപോരാട്ടം പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും അവസാനം ഐ.എസിനെ ആക്രമിക്കാനെന്ന വ്യാജേന ആഴ്ചകളോളം നടത്തിയ സിറിയന്‍-ഇറാഖ് അധിനിവേശത്തില്‍ തുര്‍ക്കി സൈന്യം ഏകപക്ഷീയമായി കുര്‍ദുകളെ മാത്രം ടാര്‍ഗറ്റ് ചെയ്തു. നൂറുകണക്കിനു കുര്‍ദുകളെ കൊന്നൊടുക്കി. ഐ.എസ്. വിരുദ്ധ ഓപറേഷന്‍ എന്ന് കളിപ്പേരിട്ടുവിളിച്ച ഈ ആക്രമണ പരമ്പരയില്‍ ഒരു ഐ.എസ്. അക്രമിക്കും ജീവന്‍ നഷ്ടപ്പെട്ടില്ല. ഐ.എസ്. ഭീകരരെ തുര്‍ക്കി വഴി സിറിയയിലേക്കും ഇറാഖിലേക്കും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കുകയും പരിക്കു പറ്റിയ ഐ.എസ്. കൊലയാളികളെ രഹസ്യമായി ചികിത്സിക്കാന്‍ ആശുപത്രികള്‍ തുര്‍ക്കിയില്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു.

തുര്‍ക്കി ഭരണകൂടത്തിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ തെരുവുകളില്‍ ഇറങ്ങുകയും പോലിസുമായി ഏറ്റുമുട്ടുകയും പത്തില്‍ കുറയാത്ത പോലിസുകാരെ വെടിവച്ചുകൊല്ലുകയും ചെയ്ത സംഭവം തുര്‍ക്കിയിലെ ജനങ്ങള്‍ ഉര്‍ദുഗാന്റെ സമീപനം വളരെ ഗൗരവകരമായി കാണുന്നു എന്നതിന്റെ തെളിവാണ്. ചുരുക്കത്തില്‍, മുസ്‌ലിം ലോകം അതിന്റെ ഏറെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.

ഒരിക്കലും ചേര്‍ത്തുവയ്ക്കാനാവാത്ത രീതിയില്‍ രണ്ടു ഖണ്ഡങ്ങളായി ഛേദിക്കപ്പെട്ടുകിടക്കുന്ന സുന്നി-ശിയാപക്ഷങ്ങളില്‍ സുന്നിപക്ഷത്തിന്റെ മുഴുവന്‍ തലച്ചോറും പ്രവര്‍ത്തനവും കൈയടക്കിവച്ചിരിക്കുന്ന വഹാബിസവും അവരെ അണിയറയില്‍ നയിക്കുന്ന സയണിസവും ഇനി ഒരു മുസ്‌ലിം ഏകീകരണത്തിനുള്ള ചര്‍ച്ചയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു. കുട്ടികളടക്കം ആയിരക്കണക്കിനു യമനികളെ കൊന്നൊടുക്കിക്കൊണ്ടുള്ള സൗദിയുടെ യമന്‍ അധിനിവേശം കൊട്ടിയടച്ച വാതിലുകളുടെ തുറക്കാത്ത പൂട്ടുകളില്‍ അരക്കൊഴിച്ചു സീല്‍ വച്ചുകഴിഞ്ഞിരിക്കുന്നു. പ്രതിയോഗികളെ നിര്‍ണയിക്കാതെയുള്ള മുസ്‌ലിം സമുദായത്തിന്റെ പോരാട്ടങ്ങള്‍ തീര്‍ത്തും ആത്മഹത്യാപരമാണ്. എക്കാലത്തും മുസ്‌ലിംകളുടെ ശത്രുക്കളായ സയണിസ്റ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാത്ത, അവരോട് ചേര്‍ന്നുപോകുന്ന ഐ.എസ്. വരെയുള്ള കൊലയാളിസംഘങ്ങള്‍ ആരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് മുസ്‌ലിംകള്‍ ചോദിക്കേണ്ടതുണ്ട്.

ഇവിടെ ചേര്‍ത്തെഴുതേണ്ട രണ്ടു കാര്യങ്ങളുണ്ട്: 2001 സപ്തംബര്‍ 11നു ശേഷം 2006ല്‍ നടന്ന  ഇസ്രായേല്‍-ലബ്‌നാന്‍ യുദ്ധവും. 2009ലും 2012ലും നടന്ന ഫലസ്തീന്‍ യുദ്ധവും. 2006ല്‍ നടന്ന ലബ്‌നാന്‍ യുദ്ധത്തില്‍ ഹിസ്ബുല്ലാ പോരാളികള്‍ 160ല്‍പരം ഇസ്രായേലി പട്ടാളക്കാരെ കൊലപ്പെടുത്തിക്കൊണ്ട് ഇസ്രായേലിനെ തിരിച്ചോടിച്ചു. ഫലസ്തീന്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രായേലിനു നഷ്ടപ്പെട്ടത് നൂറിലധികം പട്ടാളക്കാരെയാണ്. ഫലസ്തീന്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യ, തങ്ങളുടെ വിജയത്തിന്റെ ആഹ്ലാദം ഞങ്ങള്‍ ഇറാനുമായി പങ്കുവയ്ക്കുന്നു എന്നു പറഞ്ഞത് ലോകമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടു. ഈ രണ്ടു സംഭവങ്ങള്‍ നമുക്ക് മൗനമായി ചിലത് പറഞ്ഞുതരുന്നുണ്ട്. വരികള്‍ക്കിടയില്‍ വായിക്കുന്നവര്‍ക്ക്, പ്രതിയോഗികളെ തിരിച്ചറിയുന്ന ഒരു സമൂഹത്തിനു വിജയിക്കാന്‍ കഴിയും എന്നതു മനസ്സിലാക്കാന്‍ ഏറെ തലപുകയ്‌ക്കേണ്ട കാര്യമില്ല. കഴിഞ്ഞ 14 വര്‍ഷങ്ങളെ സത്യസന്ധമായി നാം അപഗ്രഥിച്ചില്ലെങ്കില്‍ ഇനിയും പുകിലടങ്ങാത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പുക ഒഴിയുമ്പോള്‍ മുസ്‌ലിംകള്‍ക്ക് കിട്ടുന്നത് കരിപിടിച്ച, വികൃതമാക്കപ്പെട്ട സ്വന്തം പ്രതിരൂപങ്ങളായിരിക്കും.
Next Story

RELATED STORIES

Share it