മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പദ്ധതി; എല്ലാ ജില്ലകളിലും ദാറുല്‍ ഖദാ രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എല്ലാ ജില്ലകളിലും തര്‍ക്കപരിഹാര കോടതികള്‍ (ദാറുല്‍ഖദാ) രൂപീകരിക്കുന്നു. വിവാഹം, വിവാഹമോചനം, കുടുംബതര്‍ക്കം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ കോടതിയിലെത്തുന്നതിനു മുമ്പ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവില്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ 40 കോടതികളുണ്ടെന്നും ഇതു രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തിനിയമ  ബോര്‍ഡ്  വക്താവ് അഡ്വ. സഫരിയാബ് ജീലാനി പറഞ്ഞു. ഈ മാസം 15ന് നടക്കുന്ന ബോര്‍ഡിന്റെ നിര്‍വാഹകസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും.
മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ വരുന്ന വിഷയങ്ങള്‍ മാത്രമാണ് ദാറുല്‍ഖദായില്‍ പരിഗണിക്കുക. ദാറുല്‍ഖദാ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് സാധാരണക്കാരെ ബോധവാന്‍മാരാക്കും. 15 വര്‍ഷം മുമ്പ് രൂപീകരിച്ച തഫ്ഹീമം ശരീഅ കമ്മിറ്റിയെ ബോര്‍ഡ് സജീവമാക്കും. ഇവര്‍ക്കാവും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ചുമതല.
15ന് ലഖ്‌നോയിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ നടക്കുന്ന ബോര്‍ഡിന്റെ യോഗത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ള മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസ്, ബാബരി മസ്ജിദ് കേസ് എന്നിവയും ചര്‍ച്ച ചെയ്യുമെന്ന് ജീലാനി പറഞ്ഞു.
ബാബരി മസ്ജിദ് കേസ് മുസ്‌ലിംകള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന, കഴിഞ്ഞദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ച ആരോപണം അദ്ദേഹം നിഷേധിച്ചു. വിഷയം വേഗം തീര്‍പ്പാക്കണമെന്നതാണ് ബോര്‍ഡിന്റെ നിലപാടെന്നും വിഷയത്തില്‍ കോടതിക്കു പുറത്തുള്ള ഒരു ഒത്തുതീര്‍പ്പും ബോര്‍ഡ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it