മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗത്തെ പുറത്താക്കി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് അയോധ്യയില്‍ നിന്നു സ്ഥലം മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗത്തെ പുറത്താക്കി. നിര്‍വാഹക സമിതി അംഗമായ മൗലാനാ സല്‍മാന്‍ നദ്‌വിയാണ് ബോര്‍ഡിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ നടപടി നേരിട്ടത്. അയോധ്യയില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന വിഷയത്തിലുള്ള നിലപാട് മാറ്റമില്ലാതെ തുടരുന്നുവെന്നും ബോര്‍ഡ് ആവര്‍ത്തിച്ചു. ബാബരി മസ്ജിദ് വിട്ടുനല്‍കാനോ വില്‍ക്കാനോ സ്ഥലം മാറ്റാനോ സാധിക്കില്ലെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനില്‍ക്കുന്നു. ഈ ഏകകണ്ഠമായ നിലപാടിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചതിനാലാണ് സല്‍മാന്‍ നദ്‌വി പുറത്താക്കപ്പെട്ടതെന്നും ബോര്‍ഡ് അംഗം ഖാസിം ഇല്‍യാസ് വ്യക്തമാക്കി. നേരത്തേ, ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാമെന്നു പ്രചരിപ്പിക്കുന്ന ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി മൗലാനാ സല്‍മാന്‍ നദ്‌വി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. ബോര്‍ഡ് പ്രസിഡന്റ് മൗലാനാ റാബിഅ് ഹസനി നദ്‌വി, ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി, സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, പ്രവര്‍ത്തക സമിതി അംഗം മൗലാനാ അര്‍ഷദ് മദനി എന്നിവരെയാണ് അന്വേഷണത്തിനു നിയോഗിച്ചത്. വ്യക്തിനിയമ ബോര്‍ഡിന്റെയും സുന്നി വഖ്ഫ് ബോര്‍ഡിന്റെയും അംഗങ്ങളുമായി രവിശങ്കര്‍ ചര്‍ച്ച നടത്തിയെന്നും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനോട് അവര്‍ യോജിച്ചുവെന്നും ആര്‍ട്ട് ഓഫ് ലിവിങുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പള്ളി മറ്റൊരു സ്ഥലത്ത് നിര്‍മിക്കുന്നതിനോട് ഇവര്‍ യോജിച്ചതായും പ്രചരിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it