മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് വിവേചനം: ജസ്റ്റിസ് ബി കമാല്‍ പാഷ

കോഴിക്കോട്: മുസ്‌ലിം വ്യക്തിനിയമത്തില്‍ നിയമമില്ലെന്നും വിവേചനം മാത്രമാണെന്നും ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍
പാഷ. പുനര്‍ജനി വനിതാ അഭിഭാഷക സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം വ്യക്തിനിയമത്തില്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ത്രീകളോട് കടുത്ത വിവേചനവും. ഈ നിയമം എങ്ങനെയായിരിക്കണമെന്നു തീരുമാനിച്ചത് ഒരു പാഴ്‌സിയാണ്.
ത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്നു. ഖുര്‍ആന്‍ സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്നുണ്ടെങ്കിലും മുസ്‌ലിം വ്യക്തിനിയമ പ്രകാരം പുരുഷന്‍മാര്‍ക്കു മാത്രമാണ് വിവാഹമോചനത്തിനുള്ള അനുമതി. 1939ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണു കോടതിവഴി മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം ലഭിക്കുന്നത്. പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാര്‍ ആവാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടാ? ഇങ്ങനെയുള്ള പുരുഷാധിപത്യത്തിന് മതമേലധ്യക്ഷന്‍മാരാണു വഴിയൊരുക്കിയത്. വിധി പറയുമ്പോള്‍ തങ്ങള്‍ക്ക് അതിനു യോഗ്യതയുണ്ടോ എന്നുകൂടി മതമേലധ്യക്ഷന്‍മാര്‍ പരിശോധിക്കണം.
സ്ത്രീകള്‍ക്ക് പ്രതികരണ ശേഷിയുണ്ടാവണം. അല്ലാത്തിടത്തോളം കാലം സമൂഹത്തില്‍നിന്നു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. തെക്കന്‍ മേഖലകളില്‍ പുരുഷന്‍മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് കുറവാണ്. സ്ത്രീകളുടെ പ്രതികരണ ശേഷിയാണ് ഇതിനു കാരണം. എന്നാല്‍, വടക്കന്‍ മേഖലകളില്‍ അതല്ല സ്ഥിതി. ഇവിടെ സ്ത്രീകള്‍ പ്രതികരിക്കുന്നില്ല. ഖുര്‍ആന്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാനാണു മതമേലധ്യക്ഷന്‍മാര്‍ ശ്രമിക്കേണ്ടത്. സ്ത്രീധനം പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും അത് നിരോധിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. മഹല്ല് കമ്മിറ്റികള്‍ വിവരമുള്ളവര്‍ ഭരിക്കണം.
ഗാര്‍ഹിക പീഡനനിരോധന നിയമത്തിലെ നിര്‍വചനങ്ങളില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമേ നിയമത്തിന്റെ പരിരക്ഷ സ്ത്രീകള്‍ക്കു ലഭിക്കുകയുള്ളൂ. ശരിയായ പഠനം നടത്താതെയാണു മുസ്‌ലിം വ്യക്തിനിയമം ഉണ്ടാക്കിയതെന്നും ജസ്റ്റിസ് കെമാല്‍ പാഷ കുറ്റപ്പെടുത്തി. രണ്ടാം അഡീഷനല്‍ ജില്ലാ ജഡ്ജി കൗസര്‍ എടപ്പകത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. പി വി ഹരി, അഡ്വ. സി കെ സീനത്ത്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഷെര്‍ലി വാസു, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഡോ. എ കെ ലിന്‍സി, പ്രഫ. ജെ മല്ലിക, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസ്, അഡ്വ. സരള ഹരി, അഡ്വ. സുജാത വര്‍മ, അഡ്വ. സപ്‌ന പരമേശ്വരത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it