മുസ്‌ലിം വ്യക്തിനിയമം: കെമാല്‍ പാഷയുടെ അഭിപ്രായം വിവരക്കേടെന്ന് ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തനി വിവരക്കേടും യുക്തിരഹിതവുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അഭിപ്രായപ്പെട്ടു.
അദ്ദേഹം പറഞ്ഞതുപോലെ ഖുര്‍ആന്റെ നിയമം തന്നെയാണ് മുസ്‌ലിം വ്യക്തിനിയമമായി വരേണ്ടത്. പക്ഷേ, മനുഷ്യന്റെ യുക്തിക്കുപോലും നിരക്കാത്ത വാദങ്ങള്‍ നിരത്തി മുസ്‌ലിം ശരീഅത്തിനെ അവഹേളിക്കാനുള്ള ഹീനശ്രമം ആരായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ശ്രദ്ധേയമായ വിധികളിലൂടെ നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് കാത്തുസൂക്ഷിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ജസ്റ്റിസ് കെമാല്‍ പാഷ തന്റെ അഭിപ്രായം ഓരോന്നും സൂക്ഷ്മതയോടെയും യുക്തിഭദ്രവുമായും വേണമായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.
ഒരു പുരുഷന് നാലുസ്ത്രീകളെ വിവാഹം ചെയ്യാമെങ്കില്‍ ഒരു സ്ത്രീയ്ക്ക് നാലു പുരുഷന്മാര്‍ എന്തുകൊണ്ടായിക്കൂടാ എന്ന ചോദ്യം അപരിഷ്‌കൃതര്‍ പോലും ചോദിക്കാത്തതാണ്. അത് പ്രായോഗികമായും നൈതികമായും പരാജയമാണെന്ന് ബുദ്ധിയുള്ളവരെല്ലാം സമ്മതിച്ചിട്ടുള്ളതാണ്. ഇതൊന്നും പരിശോധിക്കാതെ മുന്നിലുള്ള സദസ്സിനെ തൃപ്തിപ്പെടുത്താന്‍ മാത്രം വിവരക്കേടുകള്‍ വിളമ്പുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഒട്ടും ഭൂഷണമല്ല. അതിനാല്‍, മുസ്‌ലിം വ്യക്തി നിയമത്തെപ്പറ്റി ആഴത്തില്‍ പഠിക്കാനും അതിനുശേഷം മാത്രം അതിന്റെ ശരി തെറ്റുകളെക്കുറിച്ച് അഭിപ്രായം പറയാനും അദ്ദേഹം തയ്യാറാവണമെന്നും ഈസാ മൗലാനാ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it