മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ച് അധ്യാപിക അധിക്ഷേപിച്ചു

വാഷിങ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ 12കാരനായ മുസ്‌ലിം ബാലനെ അധ്യാപിക തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചു. സഹപാഠികള്‍ക്കുമുന്നില്‍ വച്ചാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ അധ്യാപിക അധിക്ഷേപിച്ചത്.
ക്ലാസില്‍ ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന ചിത്രം പ്രദര്‍ശിച്ചപ്പോള്‍ അതിലെ ഒരു ഹാസ്യരംഗം കണ്ട് വിദ്യാര്‍ഥി ചിരിച്ചതിനെത്തുടര്‍ന്നായിരുന്നു അധ്യാപികയുടെ പരാമര്‍ശം. ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കില്‍ ചിരിക്കില്ലായിരുന്നുവെന്നും നീ ഒരു തീവ്രവാദിയാണെന്നാണ് ഞങ്ങളെല്ലാം കരുതുന്നതെന്നും അധ്യാപിക പറഞ്ഞു. ഇതിനു ശേഷം തന്നെ സഹപാഠികള്‍ ബോംബ് എന്നു വിളിച്ചു പരിഹസിച്ചതായും വിദ്യാര്‍ഥി അറിയിച്ചു. എല്ലാവരും തന്നെ കൂട്ടംചേര്‍ന്ന് പരിഹസിച്ചതായും ആ ക്ലാസ് മുറിയുടെ ഒരു മൂലയില്‍ തനിക്ക് ഒറ്റപ്പെട്ട് നില്‍ക്കേണ്ടി വന്നതായും വിദ്യാര്‍ഥി പറഞ്ഞു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.മുസ്‌ലിം ആയതിനാല്‍ തന്റെ മകനെ തീവ്രവാദിയെന്നു വിളിക്കുകയാണെന്നും അവന്‍ മറ്റെല്ലാവരെയും പോലുള്ള ഒരമേരിക്കക്കാരനാണെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സ്‌കൂള്‍ അധികൃതര്‍ അധ്യാപകരെ മത സഹിഷ്ണുത പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it