Editorial

മുസ്‌ലിം വിദ്യാഭ്യാസം: ഒരു സങ്കട ഹരജി

എനിക്ക് തോന്നുന്നത് - വി ഖാദര്‍കുട്ടി, കൊല്ലം

കേരളപ്പിറവിക്കു ശേഷം ഒരുപാടു കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് മുസ്‌ലിംലീഗ് മന്ത്രിമാരായിരുന്നു. ലീഗിന്റെ അധികാര സ്വാധീനം ഉപയോഗപ്പെടുത്തി അമിതവും അനര്‍ഹവുമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മുസ്‌ലിംകള്‍ നേടിക്കഴിഞ്ഞുവെന്ന പ്രചാരവേലയ്ക്ക് അതു വഴിവച്ചു. എന്നാല്‍, സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 16.4 ശതമാനം മാത്രമേ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കെല്ലാം കൂടിയുള്ളൂ. ഈ വസ്തുത പഠിച്ച് പൊതുസമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുസ്‌ലിം സമുദായ നേതാക്കള്‍ക്കു കഴിയാതെപോയി. 44 ശതമാനത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയ ക്രിസ്ത്യന്‍ സമുദായത്തെ ആരും മുള്‍മുനയില്‍ നിര്‍ത്താറില്ല. റവന്യൂ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതിനു ക്രിസ്ത്യന്‍ സഭകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കുമുള്ള വൈദഗ്ധ്യം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ഹയര്‍ സെക്കന്‍ഡറി പഠനം മലബാര്‍ മേഖലയില്‍ ഒരു പ്രശ്‌നം തന്നെയാണ്. ജനസംഖ്യാ ആനുപാതികമായി സ്‌കൂളുകള്‍ മലബാര്‍ മേഖലയില്‍ ഇല്ലാത്തതാണ് പ്രശ്‌നം. തെക്കന്‍ ജില്ലകളിലും ചില പ്രദേശങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മതിയായ പഠനസൗകര്യം ലഭിക്കുന്നില്ല. മലബാര്‍ മേഖലയില്‍ മാത്രം 16,000ല്‍പരം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനസൗകര്യം ഇനിയും ഉണ്ടാവേണ്ടതാണ്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ഒഴികെ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വളരെ കുറവാണ്. എട്ടു തെക്കന്‍ ജില്ലകളില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 614 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് ആകെയുള്ളത് 29 എണ്ണം മാത്രമാണ്. ഹയര്‍സെക്കന്‍ഡറി പഠനത്തിനു ശേഷം തുടര്‍പഠന സൗകര്യമില്ലാതെ 40 മുതല്‍ 60 ശതമാനം വരെ മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠനം തന്നെ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 234 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കുള്ളത് വെറും 29 എണ്ണം മാത്രം. തെക്കന്‍ ജില്ലകളില്‍ ആകെ സ്വകാര്യ മേഖലയിലുള്ള 119 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കുള്ളത് 11 എണ്ണം മാത്രം. മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാംസ്‌കാരിക ഉന്നമനം, സാമൂഹിക സുരക്ഷ ഇത്യാദി വിഷയങ്ങളൊന്നും സമുദായത്തിന്റെ നേതാക്കളായി നടിക്കുന്നവര്‍ക്ക് പ്രശ്‌നമാവാറില്ല. ആശീര്‍വാദം നേടാനും ആലിംഗനം ചെയ്യാനും വാഴ്ത്തിപ്പാടാനും തിക്കും തിരക്കും കൂട്ടുമ്പോള്‍ നേതാക്കള്‍ അരങ്ങുവാഴുകയാണ്. മെഡിക്കല്‍ പ്രവേശനത്തില്‍ ന്യൂനപക്ഷപദവിയുള്ള കോളജുകളില്‍ പോലും സമര്‍ഥരായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കാത്ത സാഹചര്യം ചില മുസ്‌ലിം മാനേജ്‌മെന്റുകളും ചില പണ്ഡിതശ്രേഷ്ഠന്‍മാരും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്നു. ചില സമുദായ നേതാക്കളുടെ കത്താണ് കമ്മീഷണറുടെ ഉത്തരവു പ്രകാരം അവര്‍ ആധികാരിക രേഖയാക്കിയത്. നീറ്റ് റാങ്കിനെ മാനിക്കാതെ മാനേജ്‌മെന്റ് നിര്‍ദേശിച്ചവര്‍ക്കു മാത്രമാണ് ഉന്നതരെന്നു പറയുന്ന പണ്ഡിതവേഷധാരികള്‍ കത്തു നല്‍കിയത്. കൈമടക്കിനു വേണ്ടി മുസ്‌ലിം മാനേജ്‌മെന്റിലുള്ള ഒരു മെഡിക്കല്‍ കോളജ് ഒരു മഹാപണ്ഡിതന്റെ അനുഗ്രഹാശിസ്സുകളോടെ മുസ്‌ലിം സമുദായത്തില്‍ ജാതിയും വര്‍ഗവും ഗ്രൂപ്പും വിഭാഗങ്ങളും ഉണ്ടെന്ന് ആധികാരിക ഉത്തരവു വഴി സ്ഥാപിച്ചിരിക്കുന്നു. ഈ വര്‍ഷവും ഇത്തരമൊരു ഉത്തരവ് കോളജ് മാനേജ്‌മെന്റുകള്‍ സമ്പാദിച്ചിരുന്നുവെങ്കിലും ചില സുമനസ്സുകളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം വലിയ തോതില്‍ കോഴ വാങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ന്യൂനപക്ഷപദവി നേടിയെടുത്ത സ്ഥാപനങ്ങളില്‍ സമര്‍ഥരായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ കഴിയാത്ത സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. 5 മുതല്‍ 10 ലക്ഷം വരെയാണ് പ്രവേശനത്തിനു വാങ്ങുന്നത്.

Next Story

RELATED STORIES

Share it