മുസ്‌ലിം രാഷ്ട്രീയ മഞ്ച് വനിതാവിഭാഗം ആര്‍എസ്എസ് ബന്ധം വിച്ഛേദിച്ചു



ന്യൂഡല്‍ഹി: മുസ്‌ലിംകളെ സംഘപരിവാരത്തിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് രൂപം കൊടുത്ത മുസ്‌ലിം രാഷ്ട്രീയ മഞ്ചി(എം. ആര്‍.എം)ന്റെ വനിതാവിഭാഗം സംഘപരിവാരവുമായുള്ള ബന്ധം വിച്ഛേദിച്ചു.
നാഗ്പൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംഘപരിവാരവുമായി ഇനി ബന്ധമില്ലെന്ന് മുസ്‌ലിം രാഷ്ട്രീയ മഹിളാ മഞ്ച് പ്രഖ്യാപിച്ചത്. മഹിളാ മഞ്ച് രൂപീകരിക്കുമ്പോള്‍ ആര്‍എസ്എസ് വാഗ്ദാനം ചെയ്ത ഒരുകാര്യവും പാലിച്ചില്ലെന്ന് സംഘടനയുടെ കണ്‍വീനര്‍ ഇഖ്‌റഅ് ഖാന്‍ പറഞ്ഞു. 200 മഹിളാ മഞ്ച് വോളണ്ടിയര്‍മാരാണ് ആര്‍എസ്എസുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചത്. ആര്‍എസ്എസിന്റെ മുസ്‌ലിംവിരുദ്ധ അജണ്ടകള്‍ക്കു വളംവച്ചുകൊടുക്കുകയാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു.
മുസ്‌ലിംകളുടെ പുരോഗതിക്കും ഉന്നമനത്തിനുമായി രൂപീകരിച്ച സംഘടനയാണെന്ന് ആര്‍എസ്എസ് അറിയിച്ചതിനാല്‍ രണ്ടുവര്‍ഷം മുമ്പാണ് എംആര്‍എമ്മില്‍ ചേര്‍ന്നതെന്ന് വിദര്‍ഭ മേഖലയുടെ കണ്‍വീനര്‍ റിയാസ് ഖാന്‍ പറഞ്ഞു. എന്നാല്‍, ഇതുവരെ മുസ്‌ലിംകള്‍ക്കുവേണ്ടി ഒരു പരിപാടിപോലും അവര്‍ സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍, മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്കായി സംഘടനയെ അവര്‍ ഉപയോഗിക്കുകയും ചെയ്തു. ശ്രീരാമനെ ആരാധിക്കുന്നതുപോലുള്ള മതവിരുദ്ധമായ കാര്യങ്ങള്‍ക്ക് അവര്‍ സംഘടനാപ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. സൂര്യനമസ്‌കാരത്തിനും പശുവിനെ ഗോമാതാവായി അംഗീകരിക്കാനും അവര്‍ നിര്‍ദേശം നല്‍കി.
ബിജെപിക്കു വേണ്ടി മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ പോയി പ്രചാരണം നടത്താനും ആര്‍എസ്എസ് നിര്‍ബന്ധിച്ചു. രാഷ്ട്രീയ മഞ്ചിനെ ആര്‍എസ്എസ് നേരിട്ടാണ് നിയന്ത്രിച്ചിരുന്നതെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it