മുസ്‌ലിം രാഷ്ട്രീയം: വിധിയെഴുത്തില്‍ പ്രകടമായത് ദിശാബോധം

പി സി അബ്ദുല്ല

കോഴിക്കോട്: ഭൂരിപക്ഷ വര്‍ഗീയ മുന്നേറ്റ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ അതീവ നിര്‍ണായകമായി മാറിയ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പി ല്‍ മുസ്‌ലിം രാഷ്ട്രീയം നിലയുറപ്പിച്ചത് കരുതലോടെ. മതനിരപേക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുംവിധം സാമ്പ്രദായിക ശീലങ്ങളെയും സമുദായത്തിലെ ഇതര ഘടകങ്ങളെയും അവഗണിച്ച് കൃത്യമായ ദിശാബോധത്തോടെയാണ് മുസ്‌ലിം രാഷ്ട്രീയം ഇത്തവണ വിധിയെഴുതിയത്.
മുസ്‌ലിം മനസ്സ് പൊതുവെ എല്‍ഡിഎഫിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചതിനിടയിലും കുറ്റിയാടി അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ വിഭാഗീയതയ്‌ക്കെതിരേ നിലയുറപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വ്യക്തമായ ധ്രുവീകരണമാണ് നിയമസഭാ തിരഞ്ഞെടുപ്പി ല്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ സംഭവിച്ചത്. സമുദായത്തിനുള്ളിലെ വിഭാഗീയതകളെല്ലാം പൊതുരാഷ്ട്രീയ ബോധത്തിനു മുന്നില്‍ മാറ്റി നിര്‍ത്തപ്പെട്ടു.
ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ മുന്നേറ്റ ഭീഷണി തന്നെയാണ് മുസ്‌ലിം രാഷ്ട്രീയത്തെ പൊതുവായി ഏകോപിപ്പിച്ചത്. തീവ്ര വര്‍ഗീയതയുമായി രംഗത്ത് വന്ന വെള്ളാപ്പള്ളി അടക്കമുള്ളവരോട് ഉമ്മന്‍ചാണ്ടിയും മറ്റും പുലര്‍ത്തിയ അടവു നയങ്ങളും മൃദു സമീപനവും മുസ്‌ലിം സമ്മതിദായകരെ കോ ണ്‍ഗ്രസ്സില്‍ നിന്നകറ്റാന്‍ മുഖ്യ കാരണമായി. കോണ്‍ഗ്രസ്സിന്റെ ഈ സമീപനത്തോട് കൂറു പുലര്‍ത്തിയ മുസ്‌ലിംലീഗിനും മലപ്പുറമടക്കമുള്ള അവരുടെ തട്ടകങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ഇതുവഴി നേരിട്ടത്.
മുസ്‌ലിം രാഷ്ട്രീയത്തെ ശിഥിലമാക്കുന്ന തരത്തിലുള്ള സമുദായത്തിനകത്തെ ചില സമ്മര്‍ദ്ദ ശക്തികള്‍ക്ക് മതിയായ നേട്ടമുണ്ടാക്കാന്‍ പറ്റിയില്ലെന്നുള്ളത് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കാസര്‍കോട്, അഴീക്കോട്, കുറ്റിയാടി തുടങ്ങിയ മണ്ഡലങ്ങളില്‍ അത്തരം ശക്തികളുടെ പരസ്യ നിലപാടുകളെ തള്ളിക്കളയുന്ന ജനഹിതമാണ് പ്രകടമായത്.
നിലമ്പൂരില്‍ ആര്യാടന് പതിവായി പിന്തുണ പതിച്ച് കൊടുക്കുന്ന ഒരു സുന്നി വിഭാഗത്തിന് ഇത്തവണ തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാനായില്ല. മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ വിജയിക്കുക വഴി അതേ വിഭാഗത്തിന്റെ പരസ്യ നിലപാടുകള്‍ക്കെതിരായ വിജയം കൂടിയാണ് ലീഗ് നേടിയത്.
മാനന്തവാടിയിലെയും കല്‍പ്പറ്റയിലെയും തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെതിരായതിലും മുസ്‌ലിം രാഷ്ട്രീയത്തിന്റെ അടിയൊഴുക്കാണ് സംഭവിച്ചത്. യുഡിഎഫിന്റെ ഉറച്ച കോട്ടയായ മാനന്തവാടിയില്‍ ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി ജയലക്ഷ്മിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ മുസ്‌ലിം വോട്ടുകളുടെ ഗതി മാറ്റി.
കല്‍പ്പറ്റയില്‍ മാതൃഭൂമി ദിനപത്രവുമായി ബന്ധപ്പെട്ട പ്രവാചക നിന്ദാ വിവാദം ശ്രേയാംസ്‌കുമാറിന് തിരിച്ചടിയായെന്നു കരുതപ്പെടുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ പാണക്കാട്ടെ തങ്ങള്‍മാരെല്ലാം കല്‍പ്പറ്റ മണ്ഡലത്തിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടും വിധിയെഴുത്ത് അനുകൂലമാക്കാന്‍ യുഡിഎഫിനായില്ല.
സംസ്ഥാനത്തുടനീളം മുസ്‌ലിം രാഷ്ട്രീയം എല്‍ഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിട്ടും കുറ്റിയാടിയില്‍ വിപരീതമായാണ് സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സിറ്റിങ് എംഎല്‍എയുമായ കെ കെ ലതികയുടെ പരാജയത്തില്‍ വ്യക്തമായ ഗുണപാഠങ്ങളുണ്ട്. ഒരു പ്രത്യേക സമുദായത്തിന് നേരെ അക്രമം അഴിച്ചുവിട്ട് അതുവഴി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടുന്ന തന്ത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പുക ളി ല്‍ നാദാപുരം, കുറ്റിയാടി ദേശത്ത് കാലങ്ങളായി സിപിഎം പ്രയോഗിക്കുന്നത്. ഇത്തവണ യുഡിഎഫിന് താഴെത്തട്ടില്‍ തന്നെ സിപിഎം തന്ത്രം പ്രതിരോധിക്കാനായത് അവര്‍ക്ക് വിജയത്തിലേക്ക് വഴിയൊരുക്കി.
Next Story

RELATED STORIES

Share it