Flash News

മുസ്‌ലിം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുസ്‌ലിം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
മംഗളൂരു: ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ കൊട്ടാര ചൗക്കിയിലെ ബഷീറി (47)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളടക്കം നാലു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
സന്ദേശ്, ധനുഷ്, ശ്രീജിത്ത്, കിഷന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ മഞ്ചേശ്വരം സ്വദേശിയുമാണ്. മറ്റു രണ്ടുപേര്‍ മംഗളൂരു സ്വദേശികളാണ്.



കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് മംഗളൂരു കൊട്ടാര ചൗക്കിയില്‍ വച്ച് ഒരു സംഘം ബഷീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്നു ബഷീര്‍. രാത്രി കടയടയ്ക്കാന്‍ നേരം കടയിലേക്ക് കയറിവന്ന ഏഴംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിലേക്ക് ഇറങ്ങി സഹായത്തിന് കേഴുന്നതിനിടെ അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ശേഖറാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചത്.
ബഷീറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ നിന്നു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചില വാര്‍ത്താ ചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്. ബഷീറിനു പുറമെ ബന്ദറിലെ മുബഷിറി (22)നും ബുധനാഴ്ച രാത്രി വെട്ടേറ്റിരുന്നു.
Next Story

RELATED STORIES

Share it