മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പുരുഷനെ വിദ്യ അഭ്യസിപ്പിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമായിരിക്കും ഗുണം ലഭിക്കുക. എന്നാല്‍, സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഒരു കുടുംബത്തിന് മുഴുവന്‍ അതിന്റെ ഗുണം ലഭ്യമാക്കാനാവും. അറിവുള്ള പെണ്‍കുട്ടിക്കു മാത്രമേ അവളുടെ ഭാവി ആസൂത്രണം ചെയ്യാനും കുടുംബത്തെ നോക്കിവളര്‍ത്താനും സാധിക്കുകയുള്ളൂ. ഫാറൂഖ് കോളജ് റൗസത്തുല്‍ ഉലൂം അസോസിയേഷന് കീഴില്‍ വിദ്യ അഭ്യസിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് എന്നത് ഏറെ മതിപ്പുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജ് കാംപസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്റെയും പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെയും ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട മനുഷ്യരിലാണു നാം ദൈവത്തെ കണ്ടെത്തേണ്ടത്. ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ശാക്തീകരിക്കണം. ഇന്ത്യ ധാരളം മതങ്ങളും ജാതികളും ഭാഷകളും വര്‍ണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണെങ്കിലും നാം ഒറ്റ രാജ്യവും ഒറ്റ സമൂഹവുമാണെന്ന് ഉപരാഷ്ട്രപതി ഓര്‍മപ്പെടുത്തി.
രാഷ്ട്രീയ അക്രമങ്ങളും നാടിന്റെ വികസനവും ഒരുമിച്ച് പോവില്ലെന്നു തൊണ്ടയാട് ചിന്‍മയ മിഷന്‍ സ്‌കൂള്‍ ചിന്‍മയാഞ്ജലി ഹാളില്‍ നടന്ന പരിപാടിയില്‍ ഉപരാഷ്ട്രപതി പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള 100 പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയതും അഭിഭാഷക വൃത്തിയില്‍ റൂബി ജൂബിലിയിലെത്തിയതിന്റെയും ആഘോഷത്തിന്റെ ഭാഗമായുള്ള സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ പരസ്പരം ശത്രുക്കളല്ല. മറിച്ച് അവരവരുടേതായ ആശയസംഹിതകളില്‍ വിശ്വസിക്കുന്നുവെന്നേയുള്ളൂ. കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
മതനിരപേക്ഷത ഇന്ത്യക്കാരുടെ ഡിഎന്‍എയുടെ ഭാഗമാണ്. കശ്മീരികളെ കുറിച്ച് കോഴിക്കോട്ടുകാര്‍ ആശങ്കപ്പെടുന്നു. കന്യാകുമാരിക്കാരെ കുറിച്ച് ശ്രീനഗറുകാര്‍ക്ക് കരുതലുണ്ട്്. ഇതാണ് ഇന്ത്യയുടെ പൊതുമനോഭാവവും സവിശേഷതയും. ദാരിദ്ര്യം, ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍, അസഹിഷ്ണുത എന്നിവ രാജ്യത്തിന് നാണക്കേടാണ്. ഇവ പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
എം കെ രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു. മന്ത്രി കെ ടി ജലീല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പത്മശ്രീ സി കെ മേനോന്‍, എം പി അഹമ്മദ്, എന്‍ കെ അബ്ദുറഹിമാന്‍ പങ്കെടുത്തു.
ജിയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം ഉപരാഷ്ട്രപതി കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് മടങ്ങി. ഉച്ചയ്ക്ക് 1.05നാണ് അദ്ദേഹം നാവികസേനയുടെ പ്രത്യേക വിമാനത്തില്‍ മടങ്ങിയത്. യാത്രയാക്കാനായി മന്ത്രി കെ ടി ജലീല്‍, എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, എം കെ രാഘവന്‍, ടി വി ഇബ്രാഹീം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കല്കടര്‍ അമിത് മീണ, ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടറും പ്രോട്ടോകോള്‍ ഓഫിസറുമായ സി അബ്ദുല്‍ റഷീദ്, ആര്‍ഡിഒ മോബി ജെ, തഹസില്‍ദാര്‍ കെ ജയകുമാര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it