മുസ്‌ലിം ആരാധനയ്ക്കു മസ്ജിദ് അനിവാര്യമോ?; വിശാല ബെഞ്ചിന് വിടില്ല

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കു നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന പരാമര്‍ശമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇതില്‍ അബ്ദുല്‍ നസീര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.
പ്രാര്‍ഥനയ്ക്ക് പള്ളി നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യം വിശാല ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ വിധിയില്‍ പറയുന്നു.
മുസ്‌ലിംകള്‍ക്ക് എവിടെ വച്ചും നമസ്‌കരിക്കാമെന്നും നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്നുമായിരുന്നു 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായത്തിലെ പരാമര്‍ശം. 1993ലെ അയോധ്യയിലെ നിശ്ചിത പ്രദേശം ഏറ്റെടുക്കല്‍ നിയമം (എസിഎഎ) അനുസരിച്ച് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവും പരിസരവും അടക്കമുള്ള 67.703 ഏക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്താണ് ഡോ. ഇസ്മാഈല്‍ ഫാറൂഖി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും ഭൂമി ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയായിരുന്നു.
ഈ വിധിന്യായത്തിലെ 82ാമത്തെ ഖണ്ഡികയിലാണ് മസ്ജിദ് ഇസ്‌ലാമിലെ അവിഭാജ്യഘടകമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നത്. എന്നാല്‍, ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ പശ്ചാത്തലത്തിലുള്ള പരാമര്‍ശമാണെന്നും ബാബരി മസ്ജിദിന്റെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസില്‍ ഇതിനു പ്രസക്തിയില്ലെന്നുമാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍ എന്നിവരുടെ വിധിയില്‍ പറയുന്നത്. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരുപോലെ പ്രധാനമാണ്. ഇസ്മാഈല്‍ ഫാറൂഖി വിധിയിലെ പരാമര്‍ശം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഏത് ആരാധനാലയത്തിന്റെയും സ്ഥലം ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ നിരോധിക്കുന്നില്ലെന്നും അശോക് ഭൂഷണ്‍ എഴുതിയ വിധിന്യായത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it