World

മുസ്‌ലിംവിരുദ്ധ പരാമര്‍ശം; ട്രംപിനെതിരേ ആഞ്ഞടിച്ച് ഹിലാരി

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്‍.
ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശം ഐഎസ് തങ്ങളുടെ സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ആയുധമാക്കുമെന്നായിരുന്നു ന്യൂ ഹാംഷെയറിലെ പ്രചാരണത്തിനിടെ അവരുടെ ആരോപണം. ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിന്റെ വീഡിയോയുമായിട്ടായിരിക്കും റിക്രൂട്ട്‌മെന്റിനായി ഐഎസ് ആളുകളെ സമീപിക്കുക എന്നും അവര്‍ പറഞ്ഞു.
അതേസമയം, സിറിയന്‍ വിഷയത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇടതുപക്ഷക്കാരന്‍ ബെര്‍നീ സാന്‍ഡേഴ്‌സ് ഹിലാരിക്കെതിരേ രംഗത്തെത്തി. സിറിയയില്‍ പ്രശ്‌നപരിഹാരത്തിന് പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സ്ഥാനത്തു നിന്നു മാറ്റണമെന്ന ഹിലാരി പരാമര്‍ശത്തെയാണ് സാന്‍ഡേഴ്‌സ് വിമര്‍ശിച്ചത്. സിറിയയില്‍ അധികാരമാറ്റത്തിന് യുഎസ് നേതൃത്വം നല്‍കണമെന്നും ഹിലാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഎസിനെ പുറത്താക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് സാന്‍ഡേഴ്‌സിന്റെ വാദം.
പ്രചാരണത്തിനിടെ ഹിലാരി ക്ലിന്റന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിവരങ്ങള്‍ തന്റെ ജീവനക്കാര്‍ ചോര്‍ത്തിയതില്‍ സാന്‍ഡേഴ്‌സ് അവരോടു മാപ്പ് പറഞ്ഞു. ഇതു തന്റെ പ്രചാരണരീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തെ സാന്‍ഡേഴ്‌സും അപലപിച്ചു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലാരിയാണ് പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഡെമോക്രാറ്റ് പ്രതിനിധി.
Next Story

RELATED STORIES

Share it