Idukki local

മുസ്‌ലിംലീഗ് സീറ്റില്‍ വിമതനായി കോണ്‍ഗ്രസ് നേതാവ്

കുമളി: മുസ്‌ലിംലീഗ് ഇരന്നു വാങ്ങിയ ജനറല്‍ സീറ്റില്‍ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കുമളി ഗ്രാമപ്പഞ്ചായത്തിലെ പത്താം വാര്‍ഡായ താമരക്കണ്ടത്താണ് വിമത പ്രവര്‍ത്തനം ആരംഭിച്ചത്. കോണ്‍ഗ്രസ് കുമളി മണ്ഡലം ജനറല്‍ സെക്രട്ടറി ടി എന്‍ ബോസാണ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലീംലീഗിന് ജനറല്‍ വാര്‍ഡുകളായ വലിയകണ്ടവും താമരക്കണ്ടവുമാണ് നല്‍കിയത്. വലിയകണ്ടത്ത് ജില്ലാ സെക്രട്ടറി എ അബ്ദുല്‍ സലാമും റോസാപ്പൂക്കണ്ടത്ത് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി അന്‍സാരിയുമായിരുന്നു പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഇത്തവണ എ അബ്ദുല്‍ സലാമിനെ ഒഴിവാക്കിയാണ് കെ സി അന്‍സാരിക്ക് സീറ്റ് നല്‍കിത്. നിലവില്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഡി.സി.സി. അംഗവുമായ ടി എന്‍ ശശിയുടെ സഹോദരന്‍ കൂടിയാണ് ടി എന്‍ ബോസ്്. യു.ഡി.എഫില്‍ കഴിഞ്ഞ തവണ സി.എം.പിക്ക് നല്‍കിയ സീറ്റാണ് താമരക്കണ്ടം.സി.എം.പി. പ്രവര്‍ത്തകര്‍ ഏതാനും മാസം മുമ്പ് കൂട്ടത്തോടെ സി.പി.ഐ.യിലേക്ക് മാറിയതോടെ സിഎംപി അംഗമായിരുന്ന ലീലാമ്മ വാസുപ്പണിക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ മുസ്ലീംലീഗിന്റെ രണ്ട് ജനറല്‍ വാര്‍ഡുകള്‍ എസ് സി വനിത, വനിതാ ജനറല്‍ സംവരണ വാര്‍ഡുളായി . എസ് സി വനിതയെ ലഭിക്കാതെ വന്നതോടെ ഇരു പാര്‍ട്ടികളും വലിയകണ്ടവും താമരക്കണ്ടവും തമ്മില്‍ വെച്ചുമാറി.

എന്നാല്‍ ഇതിനിടെ കോണ്‍ഗ്രസ് വാര്‍ഡു കമ്മിറ്റി ചേര്‍ന്ന് താമരക്കണ്ടത്തേയ്ക്ക് ടി എന്‍ ബോസ് ഉള്‍പ്പെടെ അഞ്ചോളം ആളുകളുടെ സ്ഥാനാര്‍ഥി പട്ടിക മണ്ഡലം കമ്മിറ്റിക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസ് വാര്‍ഡു കമ്മിറ്റിയോട് ആലോചിക്കാതെ ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ടി എന്‍ ബോസ് താമരക്കണ്ടത്തും, ഡിസിസി അംഗമായ ജോസഫ് ജെ കരൂര്‍ അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് കുമളി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി രംഗത്തു വന്നു. കെ പി സി സിയുടേയും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനത്തിന് വിരുദ്ധമാണ് മണ്ഡലം കമ്മിറ്റിയുടെ നടപടിയെന്ന് വാര്‍ഡ് കമ്മിറ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it