മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയില്‍മൂന്ന് വനിതകള്‍

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി മൂന്ന് വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ഖമറുന്നീസ അന്‍വര്‍, അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. കെ പി മറിയുമ്മ എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ വനിതാ പ്രതിനിധികളായി തിരഞ്ഞെടുത്തത്. ദലിത് ലീഗിലെ യുസി രാമനും എ പി ഉണ്ണികൃഷ്ണനും 63 അംഗ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു. വൈസ് പ്രസിഡന്റുമാരായി പി കെ കെ ബാവ, എം സി മായിന്‍ ഹാജി, സി ടി അഹമ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍കുട്ടി, കെ കുട്ടി അഹമ്മദ്കുട്ടി, ടി പി എം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുറഹിമാന്‍ എന്നിവരെയും സെക്രട്ടറിമാരായി പി എം എ സലാം, അബ്ദുറഹ്മാന്‍ കല്ലായി, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി പി ചെറിയമുഹമ്മദ്, പി എം സാദിഖലി എന്നിവരെയും തിരഞ്ഞെടുത്തു.എംഎല്‍എമാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടത്തില്‍ മാറ്റംവരുത്തിയാണു മുഴുവന്‍ എംഎല്‍എമാരെയും സെക്രേട്ടറിയറ്റ് അംഗങ്ങളാക്കിയത്. സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. മെംബര്‍ഷിപ്പ് കാംപയിനില്‍ 20,41,650 പേര്‍ അംഗത്വമെടുത്തതായി നേതാക്കള്‍ അറിയിച്ചു. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര്‍ പുതിയതായി അംഗത്വമെടുത്തവരാണ്. എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ്  ഭാരവാഹി സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ, മത, വൈജ്ഞാനിക രംഗങ്ങളില്‍ ഒരുപോലെ സജീവമായ ഹൈദരലി തങ്ങള്‍ മൂന്നാംതവണയാണു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ആദ്യമായി സംസ്ഥാന പ്രസിഡന്റാവുന്നത്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കെപിഎ മജീദ് രണ്ടാംതവണയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നത്. ആറു തവണ എംഎല്‍എയായിരുന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്റെ ചീഫ്‌വിപ്പുമായിട്ടുണ്ട്. മുന്‍മന്ത്രിയായ ചെര്‍ക്കളം അബ്ദുല്ല മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു. കൗണ്‍സിലില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ആമുഖപ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഖജാഞ്ചി പി വി അബ്ദുല്‍ വഹാബ് എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ. എം കെ മുനീര്‍, കെ പി എ മജീദ്, എം സി മായിന്‍ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it