malappuram local

മുസ്‌ലിംലീഗ് ഭരണ സമതിക്കെതിരേ കോണ്‍ഗ്രസ് അവിശ്വാസം



കരുവാരകുണ്ട്: യുഡിഎഫ് ബന്ധം പിരിഞ്ഞ് മുസ്‌ലിംലീഗ് തനിച്ച് ഭരണത്തിന് നേതൃത്വം നല്‍കി വരുന്ന കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിനെതിരേ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസും മുസ്്‌ലിംലീഗും പരസ്പരം അങ്കം വെട്ടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. സംസ്ഥാന തലത്തില്‍ യുഡിഎഫ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സംസ്ഥാനേതാക്കളുമായി കഴിഞ്ഞ മാസം മലപ്പുറത്തുവച്ച് നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനം ലീഗ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് ലീഗ് ഭരണ നേതൃത്വത്തിനെതിരേ അവിശ്വസ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന. കഴിഞ്ഞ മാസം അവസാനം പഞ്ചായത്തില്‍ ഭരണ നേതൃത്വം കോണ്‍ഗ്രസിന് വിട്ടു നല്‍കണമെന്നായിരുന്നു നേരത്തേ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നത്. ഈ മാസം മൂന്നാം തിയതി വരെ കാത്തിരിക്കുമെന്നും മുസ്്‌ലിംലീഗിന്റെ ഭാഗത്തു നിന്നു വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നില്ലങ്കില്‍ ലീഗിനെ ഭരണ നേതൃത്വത്തില്‍ നിന്നു താഴെയിറക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ വരെ ലീഗിന്റെ ഭാഗത്തുനിന്നു അനുകൂലമായ തീരുമാനം ലഭിച്ചില്ലെന്നും വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അതേസമയം, കോണ്‍ഗ്രസ്സാണ് വിശ്വാസ വഞ്ചന കാണിച്ചതെന്നും മുന്നണി മര്യാദ എന്താണെന്ന് കരുവാരകുണ്ടിലെ കോണ്‍ഗ്രസ് പഞ്ചായത്ത് നേതാക്കള്‍ക്ക് അറിയില്ലന്നും മുസ്്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ അബ്ദര്‍റഹ്മാന്‍ പറഞ്ഞു. ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ചില നേതാക്കള്‍ തമ്മില്‍ നേരത്തേ നടത്തിയിരുന്ന രഹസ്യ ചര്‍ച്ച പരസ്യമാക്കിയതും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് വി വി പ്രകാശുമായി തിങ്കളാഴ്ച ലീഗ് ജില്ലാ നേതാക്കള്‍ ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയിരുന്നുവെന്നും ഒന്നര വര്‍ഷം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണ നേതൃത്വം നല്‍കാന്‍ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it