മുസ്‌ലിംകള്‍ രാക്ഷസന്മാര്‍: കേന്ദ്രമന്ത്രി

ആഗ്ര: മുസ്‌ലിംകള്‍ രാക്ഷസന്‍മാരും രാവണന്റെ പിന്‍മുറക്കാരുമാണെന്നും അവര്‍ക്കെതിരേ അന്തിമയുദ്ധത്തിന് തയ്യാറെടുക്കണമെന്നും കേന്ദ്രസഹമന്ത്രി. ആഗ്രയില്‍ കൊല്ലപ്പെട്ട വിഎച്ച്പി നേതാവ് അരുണ്‍ മാഹൂറിന്റെ അനുസ്മരണച്ചടങ്ങിലാണു കേന്ദ്ര മാനവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്താരിയ വിവാദ പ്രസംഗം നടത്തിയത്.
ബിജെപി എംപി ബാബുലാല്‍, പ്രമുഖ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ എന്നിവരെ സാക്ഷിനിര്‍ത്തിയാണ് മന്ത്രി പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച ചില യുവാക്കളുടെ അക്രമത്തിലാണ് അരു ണ്‍ കൊല്ലപ്പെട്ടത്. യോഗത്തില്‍ സംസാരിച്ചവരെല്ലാം മുസ്‌ലിംകള്‍ക്കെതിരേ പോരാടണമെന്ന് ആഹ്വാനംചെയ്യുകയായിരുന്നു. അരുണ്‍ മഹൂറിന്റെ രക്തസാക്ഷിത്വത്തിനു വേണ്ടി മനുഷ്യ തലയോട്ടികള്‍ അര്‍പ്പിക്കണമെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച വിഎച്ച്പി ജില്ലാ സെക്രട്ടറി അശോക് ലാവണ്യ പറഞ്ഞത്.
പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി കത്താരിയ രംഗത്തെത്തി. തന്റെ പ്രസംഗം തെറ്റായാണ് ഒരു പത്രം റിപോര്‍ട്ട് ചെയ്തത്. താന്‍ ഒരു സമുദായത്തിന്റെയും പേരെടുത്തു പറഞ്ഞിട്ടില്ല. കൊലപാതകികളെ തൂക്കിലേറ്റണമെന്നാണു പറഞ്ഞതെന്നും കത്താരിയ വിശദീകരിച്ചു. ഹിന്ദു സമുദായം അതിന്റെ സുരക്ഷയ്ക്കു വേണ്ടി ഒന്നിക്കണമെന്നും താന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നോട്ടീസയക്കുമെന്നും അദ്ദേഹം അറിയിച്ചു.
കത്താരിയയുടെ പ്രസംഗത്തെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായി വിമര്‍ശിച്ചു.തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്യത്ത് വിഭാഗീയതയുണ്ടാക്കാന്‍ സംഘപരിവാരം ശ്രമിക്കാറുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടത്.
മോദി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നീചമായ നിലപാടാണിതിനു പിന്നിലുള്ളതെന്ന് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. മന്ത്രിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര എന്നിവര്‍ കത്താരിയയുടെ പ്രസംഗത്തെ ന്യായീകരിച്ചു.
അതിനിടെ കത്താരിയയുടെ പ്രസംഗത്തില്‍ ഏതാനും സാമൂഹികപ്രവര്‍ത്തകര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചു.
കത്താരിയയെ മന്ത്രിസ്ഥാനത്തുനിന്ന് പിരിച്ചുവിടണമെന്നവര്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. ശബ്‌നം ഹശ്മി, ഡോ. സൈദാ ഹമീദ്, നാവിദ് ഹമീദ്, ജോ ണ്‍ ദയാല്‍, സജ്ജാദ് പൂനവാല, പ്രതിഷേധത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it