Most popular

മുസ്‌ലിംകളെ ശത്രുക്കളായി ചിത്രീകരിക്കുന്നതിനെതിരേ ഹിലരി

വാഷിങ്ടണ്‍: മുസ്‌ലിംകളെ ഭീകരരാക്കി ചിത്രീകരിക്കുന്നത് ഐഎസിനെതിരായ പോരാട്ടത്തിലെ പങ്കാളികള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമാവുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ്‍. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപിന്റെയും ടെഡ് ക്രൂസിന്റെയും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍. ഐഎസിനെതിരായ പോരാട്ടത്തില്‍ യുഎസിലെ എല്ലാ സമൂഹവുമുണ്ടാവണം. പക്ഷേ, ടെഡ് ക്രൂസിനെപ്പോലുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ അമേരിക്കന്‍ മുസ്‌ലിംകളെ കുറ്റവാളികളെപ്പോലെ കാണുകയും മുസ്‌ലിംകള്‍ക്കു സ്വാധീനമുള്ളയിടങ്ങളെ വംശീയതയോടെ സമീപിക്കുകയും ചെയ്യുന്നതു തെറ്റായ ഫലങ്ങളുണ്ടാക്കും. അത് അപകടകരമാണ്. ഇത്തരം മതഭ്രാന്തുകള്‍ കാരണം മുസ്‌ലിംകളായ 1000ത്തോളം പോലിസ് ഉദ്യോഗസ്ഥര്‍ ഭീഷണിയെന്ന നിലയില്‍ പരിഗണിക്കപ്പെട്ടേക്കാമെന്ന് ന്യൂയോര്‍ക്ക് പോലിസിലെ ഒരു വക്താവ് പറഞ്ഞിരുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ ഇത്തരം അമാന്യവും യുക്തിസഹമല്ലാത്തതുമായ പ്രസ്താവനകളെ അപലപിക്കുന്നുവെന്നും ഹിലരി പറഞ്ഞു. മുസ്‌ലിം രാഷ്ട്രങ്ങളുമായി സഖ്യം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് റിപബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പറഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍ സഖ്യകക്ഷികളെയും പങ്കാളികളെയും അപമാനിക്കുന്ന നടപടി നല്ലതാവില്ലെന്നും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ സംസാരിക്കവേ ഹിലരി പറഞ്ഞു.
Next Story

RELATED STORIES

Share it