മുസ്‌ലിംകളെ യുഎസില്‍ പ്രവേശിപ്പിക്കരുതെന്ന് ട്രംപ്

വാഷിങ്ടണ്‍: രാജ്യത്ത് മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിന് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
കാലഫോര്‍ണിയയില്‍ വെടിവയ്പു നടന്ന പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാരെയും സന്ദര്‍ശകരെയും ഒരേപോലെ വിലക്കണമെന്ന് ട്രംപ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് യുഎസിനോടുള്ള മനോഭാവം അധികൃതര്‍ക്കു സ്ഥിരീകരിക്കാന്‍ സാധിക്കുന്നതുവരെ പൂര്‍ണമായും വിലക്കേര്‍പ്പെടുത്തണം. സൗത്ത് കാരലൈനയിലെ മിര്‍ട്ടല്‍ ബീച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. വിദേശരാജ്യങ്ങളിലേക്കു പോയിട്ടുള്ള മുസ്‌ലിംകളായ അമേരിക്കന്‍ പൗരന്മാരെയും തിരികെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നു വിലക്കണം- ട്രംപ് ആവശ്യപ്പെട്ടു.
കടുത്ത മുസ്‌ലിം വിരോധിയായ ട്രംപ് യുഎസിലെ മസ്ജിദുകള്‍ അടച്ചുപൂട്ടണമെന്നതുള്‍പ്പെടെ മുമ്പും വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ പരാമര്‍ശം വൈറ്റ്ഹൗസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് യുഎസിന്റെ താല്‍പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നു മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനായ ജോഷ് ഏണസ്റ്റ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളില്‍ ഭീതി ജനിപ്പിച്ചു പിന്തുണ നേടാനാണ് ട്രംപ് ശ്രമിക്കുന്നത്. പാകിസ്താനിലെയും ഇന്തോനീസ്യയിലെയും മുസ്‌ലിംകള്‍ ട്രംപിന്റെ പ്രസ്താവനെയ അപലപിച്ചു. ട്രംപ് സംഘര്‍ഷം സൃഷ്ടിക്കുന്ന ഒരു മതഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നത്. ഇതൊരു ബുദ്ധിശൂന്യമായ പ്രസ്താവനയാണ്. പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ അസ്മ ജഹാംഗീര്‍ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവന സംഘര്‍ഷം ഇളക്കിവിടുന്നതാണെന്നു പാകിസ്താന്‍ ഉലമ കൗണ്‍സില്‍ മേധാവി താഹിര്‍ അഫ്‌റഫി പറഞ്ഞു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മല്‍സരത്തില്‍ ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്.
Next Story

RELATED STORIES

Share it