Flash News

മുസ്‌ലിംകളെ അപമാനിച്ച് ബനാറസ് സര്‍വകലാശാല ചോദ്യപ്പേപ്പര്‍

ന്യൂഡല്‍ഹി: പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ ചോദ്യപേപ്പറില്‍ കെട്ടുകഥകള്‍ ചോദ്യങ്ങളായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബനാറസ് ഹിന്ദു സര്‍വകലാശാല ഹിസ്റ്ററി ചോദ്യപേപ്പറും വിവാദത്തില്‍. മുത്ത്വലാഖും ചടങ്ങ് വിവാഹവും ഇസ്‌ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക, ഇസ്‌ലാമിലെ ചടങ്ങ് വിവാഹം എന്താണ്, ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച വില എത്രയായിരുന്നു, തുടങ്ങിയ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘപരിവാര സംഘടനകള്‍ വിവാദമാക്കിയ പത്മാവതി സിനിമയിലെ കഥാപത്രം റാണി പത്മാവതിയെക്കുറിച്ച് ഉപന്യാസമെഴുതാനും ചോദ്യമുണ്ട്. മുസ്‌ലിംകളെ അവഹേളിക്കാന്‍ വേണ്ടി സര്‍വകലാശാലാ അധികൃതര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം, സംഭവങ്ങളെ ന്യായീകരിച്ച് അധികൃതര്‍ രംഗത്തെത്തി. മധ്യകാല ചരിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടിവരുമെന്നും പത്മാവതി സിനിമയുടെ നിര്‍മാതാവ് സഞ്ജയ് ലീല ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നുമാണ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ രാജീവ് ശ്രീവാസ്തവയുടെ ന്യായീകരണം. നേരത്തെ നടന്ന പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദ പരീക്ഷയ്ക്ക് കൗടില്യന്റെ ചരക്ക് സേവനനികുതിയുടെ സ്വഭാവത്തെക്കുറിച്ചും ആഗോളവല്‍കരണത്തെക്കുറിച്ചു സംസാരിച്ച ആദ്യ ഇന്ത്യന്‍ ചിന്തകന്‍ മനുവാണെന്ന കാര്യത്തില്‍ ഉപന്യാസമെഴുതാനും ആവശ്യപ്പെട്ടിരുന്നു. കൂടാതെ ബിജെപിയെക്കുറിച്ചും എഎപിയെക്കുറിച്ചും പ്രബന്ധമെഴുതാനും ചോദ്യപേപ്പറില്‍ ആവശ്യപ്പെട്ടിരുന്നതു വിവാദമായിരുന്നു.
Next Story

RELATED STORIES

Share it