മുസ്‌ലിംകളുടെ വിവാഹമോചനം: സുപ്രിംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നോട്ടീസ് അയച്ചു. ഇത്തരം കാര്യങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് ആറാഴ്ചയ്ക്കകം അറിയിക്കണമെന്നാണു നിര്‍ദേശം. കേസില്‍ കക്ഷിചേരാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് അനുമതി നല്‍കി.
മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹമോചനം സംബന്ധിച്ച ചട്ടങ്ങള്‍ ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു ചൂണ്ടിക്കാട്ടി ഒരു മുസ്‌ലിം സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി നടപടി. ഏകപക്ഷീയ വിവാഹമോചനവും ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നതും മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനവും അനീതിയും ലിംഗവിവേചനവുമാണോ എന്നാവും പരിശോധിക്കുക.
ഇവ ഭരണഘടനയുടെ 14, 15, 21 വ്യവസ്ഥകളും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെയായിരുന്നു ത്വലാഖും ബഹുഭാര്യത്വവും കോടതി പരാമര്‍ശിച്ചത്. അതേസമയം, കോടതി നടപടിയില്‍ എതിര്‍പ്പുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. വിഷയത്തിലെ സുപ്രിംകോടതി ഇടപെടലിനോട് യോജിക്കാനാവില്ലെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it