മുസ്‌ലിംകളും അപ്രത്യക്ഷരാവുമോ?

മുസ്‌ലിംകളും അപ്രത്യക്ഷരാവുമോ?
X


പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യം വേണ്ടുവോളമുണ്ട് ഇന്ത്യക്ക്. എങ്കിലും മനുഷ്യനിര്‍മിതമായ അദ്ഭുതങ്ങളുടെ എണ്ണവും ഇവിടെ കുറവല്ല. അതാണ് ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കാണികളെ ആശ്ചര്യപരവശരാക്കുന്ന അത്തരമൊരു വാസ്തുസൃഷ്ടിയാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പ്രിയപത്‌നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച താജ്മഹല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ആകര്‍ഷണം ഏതാണെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് താജ്മഹലാണെന്ന്. പക്ഷേ, ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞ മട്ടില്ല. കാരണം, കുറച്ച് ആഴ്ചകള്‍ക്കു മുമ്പ്, യോഗി സര്‍ക്കാര്‍  ഒരു വിനോദസഞ്ചാര ഗൈഡ് പുറത്തിറക്കി. പുസ്തകത്തിന്റെ ശീര്‍ഷകം 'ഉത്തര്‍പ്രദേശ് വിനോദസഞ്ചാരം: അപാര സംഭാവനകള്‍' എന്നായിരുന്നു. ഗൈഡിലെ ഏറ്റവും വലിയ ആകര്‍ഷണം ഗോരഖ്‌നാഥ് പീഠ് എന്ന ഭക്തികേന്ദ്രമായിരുന്നു. അതിന്റെ മഠാധിപതി യോഗി ആദിത്യനാഥ് തന്നെയാണ് എന്നു പറയേണ്ടതില്ലല്ലോ. മതപരമായ വിനോദസഞ്ചാരത്തിനാണ് പുസ്തകത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെങ്കിലും ഏറ്റവും ആശ്ചര്യമുണ്ടാക്കിയ കാര്യം, ആ പുസ്തകത്തില്‍ എവിടെയും താജ്മഹലിനെക്കുറിച്ച് ഒരു വാക്കു പോലും അച്ചടിച്ചിരുന്നില്ല എന്നതാണ്. താജ്മഹലിനെ ഇവര്‍ക്ക് എങ്ങനെ വിസ്മരിക്കാനാവും? യോഗിയുടെ താജ്മഹല്‍ വിവാദത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വര്‍ഗീയ മുഖം വലിച്ചുതുറക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയം മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഒരു മന്ത്രി പറഞ്ഞത് ''താജ്മഹല്‍ ഇന്ത്യയുടെ പാരമ്പര്യ സ്വത്താണ്. പുസ്തകത്തില്‍ ഇനിയും പ്രചാരം ആവശ്യമുള്ള സ്ഥലങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ടാണ് താജ്മഹല്‍ വിട്ടുപോയത്'' എന്നാണ്.  ഈ വിഷയത്തില്‍ ബിജെപി ക്യാംപില്‍ നിന്നു വിവിധ സ്വരങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ പറയുന്നു, താജ്മഹല്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്ന്. വേറെ ചിലര്‍ പറയുന്നു, അതത്ര വലിയ മഹത്തായ സ്മാരകമൊന്നുമല്ലെന്ന്. മറ്റു ചിലര്‍ക്ക് താജ്മഹല്‍ അടിമത്തത്തിന്റെ പ്രതീകമാണ്. എന്നാല്‍, ബിജെപി നേതാവ് സംഗീത് സോമിന്റെ നിരീക്ഷണം മുസ്‌ലിം ചക്രവര്‍ത്തിമാര്‍ നിര്‍മിച്ച സ്മാരകങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാട് തുറന്നുകാണിക്കുന്നതാണ്: ''സര്‍ക്കാരിന്റെ വിനോദസഞ്ചാര പുസ്തകത്തില്‍ നിന്നു താജ്മഹലിന്റെ പേര് ഒഴിവാക്കിയതില്‍ നിരവധി പേര്‍ ദുഃഖം രേഖപ്പെടുത്തി. നമ്മള്‍ ഏത് ഇതിഹാസത്തെക്കുറിച്ചാണ് പറയുന്നത്? താജ്മഹല്‍ നിര്‍മിച്ചയാളെ അദ്ദേഹത്തിന്റെ മകന്‍ തന്നെ തുറുങ്കിലടച്ച ഇതിഹാസമോ, ഉത്തര്‍പ്രദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഹിന്ദുക്കളെ തുടച്ചുനീക്കി താജ്മഹല്‍ ഉണ്ടാക്കിയ ആ ഭരണാധികാരിയുടെ ഇതിഹാസമോ?''  പ്രശ്‌നം മറ്റൊന്നുമല്ല, സര്‍ക്കാരിന്റെ വിനോദസഞ്ചാര ഗൈഡില്‍ നിന്ന് താജ്മഹലിന്റെ പേര് എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നതാണ്. താജ്മഹലിനെക്കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞതൊക്കെ ചേര്‍ത്തുവായിച്ചാല്‍ വ്യക്തമാവുന്ന ഒരു കാര്യം, യോഗി താജ്മഹലിനെ വെറുക്കുന്നു എന്നതാണ്. ഹിന്ദു ആശയങ്ങളെ പ്രതിരോധിച്ച ഒരു വ്യക്തിയാണ് താജ്മഹല്‍ ഉണ്ടാക്കിയത് എന്നതാണ് ഈ വെറുപ്പിന്റെ അടിസ്ഥാനം. ഗാന്ധിജിയെ പോലുള്ള മഹദ് വ്യക്തികളുടെ ആശയമല്ല യോഗിയുടെയും ഹിന്ദുത്വയുടെയും വിചാരധാര. അതു മറ്റുള്ളവരില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ബിജെപിക്കും ഹിന്ദുത്വശക്തികള്‍ക്കും ഹിന്ദു സംസ്‌കാരമാണ് ഭാരതീയ സംസ്‌കാരം. ചില സംഘികളും ഹിന്ദുത്വവാദികളും പറയുന്നത് താജ്മഹല്‍ 'തേജോമഹാലയ്' എന്നൊരു ഹിന്ദു ക്ഷേത്രമാണെന്നാണ്. ചരിത്രത്തിലോ മറ്റെവിടെയോ ഈ വാദം ശരിയാണെന്നു കണ്ടെത്താനായിട്ടില്ല. ബാദ്ഷാനാമ എന്ന ഷാജഹാന്റെ കൃതിയില്‍ നിന്നു വ്യക്തമാവുന്ന വസ്തുത, താജ്മഹലിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഷാജഹാന്‍ തന്നെയാണെന്നാണ്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഒരു യൂറോപ്യന്‍ സഞ്ചാരി ഇക്കാര്യം തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ''തന്റെ പ്രിയപത്‌നിയുടെ വിയോഗത്തില്‍ ദുഃഖാര്‍ത്തനായ ഷാജഹാന്‍ ചക്രവര്‍ത്തി അവരുടെ ഓര്‍മയ്ക്കായി ഒരു മനോഹര ശവകുടീരം തീര്‍ക്കുന്നുണ്ട്'' എന്നാണ് പീറ്റര്‍ മുണ്ടി തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ചക്രവര്‍ത്തിയുടെ വരവുചെലവു കണക്കുകളില്‍ താജ്മഹല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ബിള്‍ വാങ്ങിയതും തൊഴിലാളികള്‍ക്കു നല്‍കിയ വേതനവും സംബന്ധിച്ച കണക്കുകളും വിവരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നു വാദിക്കുന്നതിന്റെ അടിസ്ഥാനം, താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഷാജഹാന്‍ രാജാ ജയ്‌സിങിന്റെ പക്കല്‍ നിന്നാണ് വാങ്ങിയത് എന്നതാണ്. എന്നാല്‍, ഇവിടെ മനസ്സിലാക്കേണ്ട കാര്യം, രാജാ ജയ്‌സിങ് ഒരു വൈഷ്ണവ രാജാവായിരുന്നു എന്നതാണ്. ഒരു വൈഷ്ണവന്‍ ശിവക്ഷേത്രം നിര്‍മിക്കുകയെന്നത് അചിന്തനീയമാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ഹിന്ദുത്വവാദികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് താജ്മഹലിനെ വിസ്മരിക്കുക എന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായി ചരിത്രത്തെയും സംഭവങ്ങളെയും വര്‍ഗീയമായി വളച്ചൊടിക്കുകയാണ്. ഇനിയുമുണ്ട് അവകാശവാദം. ഹല്‍ദിഘാട്ടിയില്‍ റാണാ പ്രതാപും ബാദ്ഷാ അക്ബറും തമ്മിലുണ്ടായ യുദ്ധത്തില്‍ റാണാ പ്രതാപ് വിജയിച്ചതുപോലും വര്‍ഗീയമായി ഉപയോഗിക്കുകയാണ് ചിലര്‍. ഹല്‍ദിഘാട്ടി യുദ്ധം ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി ചെയ്തതാണ്. അത് ധര്‍മം പുനഃസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നില്ല. നമുക്കെല്ലാവര്‍ക്കും അറിയാം, റാണാ പ്രതാപിന്റെയും അക്ബറിന്റെയും സഹയോഗികളായിരുന്നവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നു. അക്ബര്‍ ഇസ്‌ലാമിന്റെ രക്ഷകനായിരുന്നില്ല. റാണാ പ്രതാപ് ഹിന്ദുധര്‍മത്തെ രക്ഷിക്കാന്‍ വാളെടുത്തു നില്‍ക്കുകയുമായിരുന്നില്ല. അവര്‍ രണ്ടു പേരും തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്: താജ്മഹലും മുസ്‌ലിം ചക്രവര്‍ത്തിമാര്‍ നിര്‍മിച്ച മറ്റു സ്മാരകങ്ങളും ഹിന്ദുത്വ വര്‍ഗീയശക്തികളുടെ കണ്ണിലെ കരടായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്നു പറഞ്ഞു ഫലിപ്പിക്കുന്നു. ഇതേ ചിന്താധാരയുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. താജ്മഹലിനെ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എങ്ങനെയാണോ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിനോദസഞ്ചാര പുസ്തകത്തില്‍ നിന്നു താജ്മഹല്‍ അപ്രത്യക്ഷമായത്, ഒരുപക്ഷേ, അതേപോലെ ഇന്ത്യയില്‍ നിന്നു മുസ്‌ലിംകളും അപ്രത്യക്ഷരാവുമോ? ഇനി ഈ വിഘടനശക്തികളുടെ അടുത്ത ലക്ഷ്യം ചെങ്കോട്ടയാവുമോ? താജ്മഹലും മറ്റു പുരാവസ്തു സ്മാരകങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ ഈ സ്മാരകങ്ങളെ നാം സംരക്ഷിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it