മുസ്്‌ലിം നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മുസ്്‌ലിം സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പോലിസിനെതിരേ വിമര്‍ശനം. ചില പോലിസുകാര്‍ ന്യൂനപക്ഷ വിരുദ്ധരായി മാറുന്നെന്നും വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതായും മുസ്്‌ലിം സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. മുസ്്‌ലിംകളുടെ കാര്യത്തിലുള്ള പോലിസിന്റെ മുന്‍വിധി പഴയപോലെ തുടരുകയാണെന്നും അത് മാറ്റാന്‍ ഗൗരവ പൂര്‍ണമായ ഇടപെടലുകള്‍ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പോലിസിനെതിരായ പരാതി പൊതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക്് ഉറപ്പ് നല്‍കി.
പള്ളികള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും പരിഗണിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുസ്്‌ലിം സംഘടനാ നേതാക്കളെ മുഖ്യമന്ത്രി ക്ഷണിച്ചതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ക്രൈസ്തവ സംഘടനാ നേതാക്കളുമായി ഇന്ന് കൊച്ചിയില്‍വച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി നേരിട്ട് ഇത്തരത്തിലൊരു യോഗം വിളിച്ചതില്‍ മുസ്്‌ലിം സംഘടനാ നേതാക്കളെല്ലാം സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു.
വിവധ മുസ്്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ജോയിന്റ് സെക്രട്ടറി പി പി ഉമര്‍ മുസ്‌ല്യാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ എന്‍ അലി അബ്ദുല്ല, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, മുഹമ്മദ് പറവൂര്‍, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എസ് ഷറഫുദ്ദീന്‍, കെഎന്‍എം നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനി, ഹുസയ്ന്‍ മടവൂര്‍, പി പി ഉണ്ണീന്‍ കുട്ടി മൗലവി, നിസാര്‍ ഒളവണ്ണ, വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് മിഷന്‍ നേതാവ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ജമാഅത്തെ ഇസ്്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്, നേതാക്കളായ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ഒ അബ്ദുര്‍റഹ്്മാന്‍, എംഇഎസ് നേതാവ് പ്രഫ. മുഹമ്മദ് കടവനാട്, എംഎസ്എസ് നേതാവ് സി പി കുഞ്ഞിമുഹമ്മദ് എന്നിവരും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ഷിഹാബ് തങ്ങള്‍, അഡ്വ. പി ടി എ റഹീം എംഎല്‍എ, ന്യൂനപക്ഷ ക്ഷേമവകുപ്പ് അഡീഷനല്‍ സെക്രട്ടറി പി കെ ദിലീപ്കുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it