മുസ്്‌ലിം ഐക്യസന്ദേശവുമായിമുനവ്വറലി തങ്ങളും റഷീദലി തങ്ങളും

കൂരിയാട്: സമസ്തയുടെ എതിര്‍പ്പ് മറികടന്ന്് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളും കൂരിയാട് സലഫി നഗറില്‍  മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളന വേദിയിലെത്തി. മുസ്്്‌ലിം സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇരു നേതാക്കളും പ്രസംഗങ്ങളില്‍ എടുത്തുപറഞ്ഞത്. സമ്മേളനത്തില്‍ ഇരുനേതാക്കളും പങ്കെടുക്കരുതെന്ന് സമസ്ത സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത് നിരസിക്കുന്നതായും വഖ്ഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയിലാണ് മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചിട്ടുള്ളതെന്നും അതിനാല്‍, പങ്കെടുക്കുമെന്നും റഷീദലി തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തതനുസരിച്ചാണ് ഇരുവരും പങ്കെടുത്തതെന്നാണ് സൂചന.പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പള്ളി, മദ്‌റസ മഹല്ല് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുസ്്‌ലിം സംഘടനകള്‍ ഭിന്നതയ്ക്കു പകരം യോജിപ്പിന്റെ ഭാഷ സംസാരിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. കേരള മുസ്്‌ലിംകളുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിക്ക് സമസ്തയും മുജാഹിദ് പ്രസ്ഥാനവും വഹിച്ച പങ്ക് വളരെ വലുതാണ്. മതപ്രബോധകര്‍ പരസ്പരം വിമര്‍ശനങ്ങളും സംഘട്ടനങ്ങളും നടത്തുന്നത് മതദര്‍ശനങ്ങളെ മറന്നാണ്്.ഞാന്‍ അടിയുറച്ച സുന്നിയും സമസ്തയുടെ അനുയായിയുയാണ്. എന്നാ ല്‍, എന്റെ ആദര്‍ശം ഞാന്‍  ആരുടെ മുന്നിലും പണയം വച്ചിട്ടല്ല ഇവിടെ വന്നിട്ടുള്ളത്. മതത്തിനു മുകളില്‍ സംഘടന വരുന്നതും വളരുന്നതും ശരിയല്ല. ഏത് വിഷയത്തിലും സംഘടന സങ്കുചിതത്വം വച്ചു പുലര്‍ത്തുന്നത് സമുദായത്തിനു ദോഷമേ വരുത്തുകയുള്ളു- അദ്ദേഹം പറഞ്ഞു.  ഉച്ചയ്ക്കുശേഷം പ്രധാന വേദിയില്‍ നടന്ന യുവജന സമ്മേളനം ഉദ്ഘാടകനായാണ്  യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്ക നിങ്ങളെപ്പോലെ എനിക്കും ഉണ്ടായിരുന്നുവെന്നും അതെല്ലാം നീങ്ങിയിട്ടുണ്ടെന്നും പറഞ്ഞാണ് തങ്ങള്‍ സംസാരിച്ചു തുടങ്ങിയത്. ഇവിടെ പങ്കെടുക്കുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കാനോ പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ഫാഷിസം വളരുന്ന അവസ്ഥ മനസ്സിലാക്കണം. മതസംഘടനകളും ന്യൂനപക്ഷങ്ങളും വൈരവും വിദ്വേഷവും മറന്ന് പൊതുശത്രുവിനെതിരേ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുനവ്വറലി തങ്ങള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it