thrissur local

മുസ്്‌ലിംലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് യോഗം മൂന്നാംതവണയും മാറ്റി

കെ എം അക്ബര്‍

ചാവക്കാട്: ചേരിപ്പോര് ശക്തമായതോടെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായുള്ള മുസ്്‌ലിം ലീഗ് യോഗം മൂന്നാം തവണയും മാറ്റി. ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ജില്ലാ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തതിലെ അഭിപ്രായഭിന്നതയാണ് ജില്ലാ കമ്മിറ്റി യോഗം തുടര്‍ച്ചയായി മാറ്റിവെക്കുന്നതിന് കാരണമായത്. നേരത്തെ നവംബര്‍ 28ന് നടക്കേണ്ടിയിരുന്ന യോഗം നേതാക്കള്‍ തമ്മിലുള്ള അധികാര വടംവലിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ നാലിലേക്കും ഇത് നടക്കാതെ പോയതോടെ ഇന്നത്തേക്കും മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ഇതോടെ യോഗം മൂന്നാം തവണയും മാറ്റി. ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പാണ് തര്‍ക്കത്തിന് പ്രധാന കാരണം. ജില്ലാ റിട്ടേണിങ് ഓഫിസര്‍മാര്‍മാരായ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എ സലിം, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂര്‍,  സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഹനീഫ് മുന്നിയൂര്‍ എന്നിവര്‍ ഇരു വിഭാഗമായും നിരവധി തവണ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെ തര്‍ക്കം സംസ്ഥാന കമ്മിറ്റി മുമ്പാകെ എത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സാദിക്കലി ശിഹാബ് തങ്ങള്‍ പ്രശ്‌ന പരിഹാര ഫോര്‍മുല തീരുമാനിച്ചു. ആകെ 84 കൗണ്‍സിലര്‍മാരുള്ള മുസ്്‌ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയിലേക്ക് 60 ശതമാനം സി എച്ച് റഷീദ് വിഭാഗത്തിനും ബാക്കി 40 ശതമാനം എതിര്‍ വിഭാഗത്തിനും നല്‍കുക എന്നതായിരുന്നു പ്രശ്‌ന പരിഹാര ഫോര്‍മുല. എന്നാല്‍, ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയില്‍ ഭൂരിപക്ഷം വരുന്ന റഷീദ് വിഭാഗം ഈ ഫോര്‍മുല അംഗീകരിച്ചിട്ടില്ല. ഇതോടെ എതിര്‍വിഭാഗം പരാതിയുമായി അടുത്ത ദിവസം തന്നെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണാനൊരുങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയെ പിരിച്ചു വിട്ടിരുന്നു. എന്നാല്‍, അതേ കമ്മിറ്റി തന്നേയാണ് ഇത്തവണയും അധികാരത്തിത്തെത്തിയിട്ടുള്ളത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരിക്കേയാണ് ഇതേ ചൊല്ലി ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മൂന്നാം തവണയും മാറ്റി വെച്ചിട്ടുള്ളത്. 282 കൗണ്‍സിലര്‍മാരാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും നിലവിലെ ജില്ലാ പ്രസിഡന്റിനെ പിന്തുണക്കുന്നവരാണ്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്നു തവണ ജനറല്‍ സ്ഥാനത്തെത്തിയവര്‍ക്ക് പിന്നീട് ജനറല്‍ സ്ഥാനത്തെത്താന്‍ കഴിയില്ലെന്നിരിക്കെ ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദിന് ഇത്തവണ ജില്ലയില്‍ ലീഗിന്റെ തലപ്പത്തെത്താന്‍ കഴിയില്ല. ഇതിനെ മറികടക്കാന്‍ ജില്ലാ വൈസ് പ്രസ് പ്രസിഡന്റ് അമീര്‍ ചേലക്കരയെ പ്രസിഡന്റ് സ്ഥാനത്തേക്കും ജോയന്റ് സെക്രട്ടറി സി എ മുഹമ്മദ് റഷീദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മല്‍സരിപ്പിക്കാനാണ് സി എച്ച് റഷീദിനെ പിന്തുണക്കുന്നവരുടെ തീരുമാനം. ജില്ലയില്‍ മുസ്്‌ലിം ലീഗിന്റെ ഏക ശക്തി കേന്ദ്രമായ ഗുരുവായൂരില്‍ നിന്നും ജില്ലാ കമ്മിറ്റിയിലെ ജനറല്‍ പോസ്റ്റിലേക്ക് ആരും വരില്ലെന്ന് കണ്ടതോടെ ഇതിനെതിരെ റഷീദ് ഗ്രൂപ്പിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ സി എച്ച് റഷീദിനെ പിന്തുണക്കുന്ന മറ്റു രണ്ടു പേരും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മല്‍സരിക്കാന്‍ തയ്യാറായിട്ടുണ്ട്. കൂടാതെ പല പ്രമുഖരും ഗ്രൂപ്പ് വിട്ട് എതിര്‍ ചേരിയിലേക്ക് മാറാനുള്ള ചര്‍ച്ചയും സജീവമാണ്. കഴിഞ്ഞ തവണയും ശക്തമായ ഗ്രൂപ്പ് പോരിനൊടുവിലാണ് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് കെ എസ് ഹംസയെ പരാജയപ്പെടുത്തി സി എച്ച് റഷീദിന്റെ നേതൃത്വത്തിലുള്ള വിഭാഗം ജില്ലാ കമ്മിറ്റി പിടിച്ചെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it