Flash News

മുസ്ലിം കോളജസ് ഫെഡറേഷന്‍ നീക്കങ്ങളില്‍ ലീഗിന് അതൃപ്തി



പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ നിലനില്‍ക്കുന്ന മുസ്്‌ലിം കോളജ് മാനേജ്‌മെന്റുകളുടെ വേദിയായ മുസ്്‌ലിം കോളജസ് ഫെഡറേഷന്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നതായി ലീഗ് നേതാക്കള്‍ ആരോപണം ഉന്നയിച്ചു. ഫെഡറേഷനിലുള്ള ഭൂരിഭാഗം കോളജുകളും കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകള്‍ക്കു കീഴിലാണുള്ളത്. മുപ്പതിലധികം കോളജ് മാനേജ്‌മെന്റുകള്‍ കൂടിച്ചേര്‍ന്നാണ് ഫെഡറേഷന്‍ രൂപീകരിച്ചിട്ടുള്ളത്. സര്‍വകലാശാല സെനറ്റ് - സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പുകളില്‍ വിലപേശല്‍ ശക്തിയായി നിലനില്‍ക്കുന്ന ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി മാറുന്നതായാണ് ലീഗിന്റെ വിലയിരുത്തല്‍. മാനേജ്‌മെന്റുകളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രം നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ പലപ്പോഴും ഇടത്തോട്ട് ചായുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ഫെഡറേഷന്‍ നിര്‍ത്തിയ സെനറ്റ് സ്ഥാനാര്‍ഥിക്കെതിരായി കാലിക്കറ്റ് സെനറ്റിലേക്ക് വിജയിച്ചിരുന്നയാളായിരുന്നു ഇപ്പോഴത്തെ കാലിക്കറ്റ് വിസിയായ ഡോ. മുഹമ്മദ് ബഷീര്‍. മുസ്്‌ലിം കോളജുകളുടെ ഒന്നിച്ചുള്ള വേദിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ചില പ്രമാണിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ ബോഡി വിളിച്ച് അറിയിക്കാറില്ലെന്നും വര്‍ഷങ്ങളായി സംഘടനയുടെ സ്ഥാനം വഹിക്കുന്നവരുടെ താളത്തിനൊത്താണ് ഫെഡറേഷന്റെ പ്രയാണമെന്നുമാണ് പ്രമുഖ കോളജ് മാനേജുമെന്റുകള്‍പോലും വ്യക്തമാക്കുന്നത്.  ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല ഇസ്്‌ലാമിക് ചെയറിന്റെ പ്രവര്‍ത്തനങ്ങളും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സമുദായത്തിന് നിരവധി സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന ഇസ്്‌ലാമിക് ചെയറിനെ ഒന്നുമല്ലാതാക്കിയത് വര്‍ഷങ്ങളായി ഫെഡറേഷന്റെ നിയന്ത്രണമേറ്റെടുത്ത ഫാറൂഖ് കോളജ് മുന്‍ മാനേജര്‍ കൂടിയായ അഡ്വ. മുഹമ്മദാണ്. ഫാറൂഖ് കോളജിന്റെ  മാനേജര്‍ സ്ഥാനത്തുനിന്ന് ഇതേ വക്കീലിനെ പുറത്താക്കിയത് ഇദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്. ഫാറൂഖ് കോളജ് ഭരണ സമിതിയായ ആര്‍യുഎ ജനറല്‍ ബോഡിയില്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അവതരിപ്പിച്ച പാനലില്‍ പോലും അഡ്വ. മുഹമ്മദിന് ഇടം കൊടുക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തിലധികം ഫാറൂഖ് കോളജിന്റെ മാനേജരായിരുന്ന വക്കീല്‍ മുഹമ്മദ് സ്ഥാപനത്തിന്റെ പുരോഗതിക്കുവേണ്ടി ഒന്നും ചെയ്യാതെ കോളജിനെ മറയാക്കി വ്യക്തിപരമായ വികസനമാണ് നടത്തിയതെന്നാണ് ഭരണസമിതിയില്‍പെട്ടവരുടെ പ്രതികരണം. മുഹമ്മദിനെ പുറത്താക്കി ഇപ്പോള്‍ മാനേജര്‍ സ്ഥാനത്തുള്ളത് സി പി കുഞ്ഞഹമ്മദ് ആണ്. മറ്റു മുസ്്‌ലിം മാനേജ്‌മെന്റുകള്‍ അധ്യാപക നിയമനത്തിന് ഒരു നയാപൈസയും വാങ്ങാതെ മാതൃക കാണിച്ചപ്പോള്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് സ്വന്തം സമുദായത്തില്‍  നിന്നുപോലും അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന് രൂപയായിരുന്നു മുഹമ്മദ് മാനേജരായ കാലത്ത് ഈടാക്കിയിരുന്നത്. ഇതിന് മാറ്റം വരുത്തുമെന്നാണ് പുതിയ മാനേജ്‌മെന്റിന്റെ പ്രഖ്യാപനം. മുസ്്‌ലിം കോളജസ് ഫെഡറേഷന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും അഡ്വ. മുഹമ്മദിനെ മാറ്റി നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ് ഫെഡറേഷനുള്ളില്‍.
Next Story

RELATED STORIES

Share it