malappuram local

മുസ്തഫയുടെ ബൈത്തുര്‍റഹ്മ മുരളിയുടെ കുടുംബത്തിന്

തിരൂരങ്ങാടി: മാസങ്ങള്‍ക്ക് മുമ്പ് മരിച്ച തൃക്കുളം കോട്ടുവാലപ്പറമ്പ് മുരളിയുടെ ഭാര്യ ശങ്കരത്തുപടി സുനിതയ്ക്കും മൂന്ന് മക്കള്‍ക്കും ചെമ്മാട് കിസാന്‍കേന്ദ്രത്തിലെ ചക്കിപ്പറമ്പത്ത് മുസ്തഫ ബൈത്തുറഹ്മ കാരുണ്യത്തിന്റെ ഭവനം നിര്‍മിച്ചു നല്‍കുന്നു. കല്‍പ്പണിക്കാരനായ മുരളിയും കുടുംബവും വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പനിപിടിപെട്ട് പത്ത് മാസം മുമ്പാണ് മുരളി മരിച്ചത്. ജീവിതം വഴിമുട്ടിയ സുനിത കോട്ടുവാലപ്പറമ്പിലെ അങ്കണവാടിയില്‍ സഹായിയായി ജോലിക്ക് ചെയ്തു വരികയായിരുന്നു.
ഈ ജോലിയും നഷ്ടപ്പെട്ടതോടെ താമസസ്ഥലത്തെ വാടകയിനത്തില്‍ മാസങ്ങളുടെ കുടിശ്ശിക കൂടിവന്നതോടെ പെരുവഴിയിലേക്കിറങ്ങേണ്ട ഗതിയിലായി. സുനിതയുടെ നിസ്സഹായത മനസ്സിലാക്കിയ മുനിസിപ്പല്‍ ഡിവിഷന്‍ അംഗം മുതേരി അബു, സി പി മൂസ്സക്കുട്ടിഹാജി എന്നിവര്‍ മുസ്തഫയെ അറിയിക്കുകയും നിര്‍മാണം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. വെഞ്ചാലി മൈലിക്കല്‍ മുരളി വാങ്ങിയ മൂന്നു സെന്റ് ഭൂമിയിലാണ് വീട് നിര്‍മിക്കുന്നത്. മൂന്നുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി കുടുംബത്തിന് സമര്‍പ്പിക്കുമെന്ന് മുസ്തഫ പറഞ്ഞു. തിരൂരങ്ങാടി താലൂക്കാശുപത്രി പാലിയേറ്റീവ് വാര്‍ഡിന് വേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഏറെ ശ്രദ്ധേയനാണ്. പാലിയേറ്റീവ് വാര്‍ഡിലെ രണ്ടു നഴ്‌സുമാര്‍ക്കുള്ള പ്രതിമാസശമ്പളവും ഏറ്റെടുത്ത് നല്‍കിവരുന്നത് ഇദ്ദേഹമാണ്.—
Next Story

RELATED STORIES

Share it