മുസഫര്‍ നഗര്‍: നാല് പ്രതികളെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികള്‍ കൂറു മാറിയതിനെത്തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. കലാപത്തിനിടെ ഫുഗാന പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റാരോപിതരായ നാലുപേരെയാണ് മുസഫര്‍നഗര്‍ അതിവേഗ കോടതി കുറ്റവിമുക്തരാക്കിയത്. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാവ്, അയല്‍വാസി എന്നീ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഫുല്‍ഗാന സ്വദേശികളായ രാംവീര്‍, സഞ്ജീവ്, രൂപേഷ്, പുഷ്‌പേന്ദ്ര എന്നിവരെ വെറുതെ വിട്ടത്.
പോലിസില്‍ പരാതി നല്‍കിയതിനു ശേഷം പ്രതികളുമായി ബന്ധമുള്ളവര്‍ തങ്ങളെ സമീപിക്കാറുണ്ടായിരുന്നെന്നും കേസുമായി മുന്നോട്ടു പോയാല്‍ കനത്ത പ്രത്യാഘാതം ഏല്‍ക്കേണ്ടിവരുമെന്നും മറ്റും പറയാറുണ്ടായിരുന്നെന്നും സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. ഭീഷണിക്കെതിരേ നടപടിയെടുക്കണമെന്നും സുരക്ഷ ഒരുക്കണമെന്നുമുള്ള തങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന പോലിസ് ഗൗരവത്തിലെടുത്തില്ലെന്നും അദ്ധേഹം പറഞ്ഞു. പോലിസില്‍ നിരവധി തവണ പരാതി സമര്‍പ്പിച്ചെങ്കിലും ഞങ്ങളെ സഹായിക്കാന്‍ ഒരാളും മുന്നോട്ടു വന്നില്ല. പ്രതികള്‍ക്കു വേണ്ടി ഞങ്ങളെ ചിലര്‍ സന്ദര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടേത് ഒരു ദരിദ്ര കുടുംബമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തെ നോക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നിയത് ഞങ്ങള്‍ ചെയ്‌തെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കില്ലെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സാമ്പത്തികസഹായം കൊണ്ട് ഷാംലിയില്‍ താനൊരു വീടുവച്ചെന്നും ഇനി ഫുഗാനയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പറഞ്ഞു. സമാനമായ മറ്റൊരു സംഭവത്തില്‍, കലാപത്തിനിടെ കുടുംബത്തിലെ രണ്ടു പേരെ വധിച്ച കേസില്‍ പ്രതിചേര്‍ത്ത 10 പേരെ വെറുതെ വിട്ടിരുന്നു. ഇരകളുടെ കുടുംബം കൂറുമാറിയത് തന്നെയായിരുന്നു ഈ കേസും ദുര്‍ബലമാവാനുള്ള കാരണം.
Next Story

RELATED STORIES

Share it