മുസഫര്‍ നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കരുത്: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ കലാപത്തില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍മാറണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ 131 കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റിനോടും സീനിയര്‍ പോലിസ് സൂപ്രണ്ടിനോടും സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം തേടിയെന്ന റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഇവയില്‍ 13 എണ്ണം കൊലപാതകക്കേസുകളും 11 എണ്ണം വധശ്രമക്കേസുകളുമാണ്. 63 പേര്‍ കൊല്ലപ്പെടുകയും 50000ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്ത 2013ലെ മുസഫര്‍നഗര്‍ കലാപത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ നിന്നു രക്ഷപ്പെടുത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം കലാപത്തിന്റെ  ഇരകെള അപമാനിക്കലാണ്. ഇതു നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ ഇന്ത്യക്കാരായ 39 ബന്ദികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഐഎസ് നടപടിയെ ഇ അബൂബക്കര്‍ ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. 2014ല്‍ ഇറാഖിലെ മൊസൂളില്‍ നിന്നു കാണാതായ തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാന്‍ നാലു വര്‍ഷം കാത്തിരിക്കേണ്ടി വന്നത് ദുരന്തപൂര്‍ണമാണ്.
തൊഴിലാളികളെ കാണാതായതു മുതല്‍, അവര്‍ ജീവനോടെയുണ്ടെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയുമാണെന്നുള്ള കളവ് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുകയായിരുന്നു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നു പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it