മുസഫര്‍ നഗര്‍ കലാപം: അഅ്‌സംഖാനെതിരേ വ്യാജ ആരോപണം: ചാനലിന് യുപി നിയമസഭയുടെ സമന്‍സ്

ലഖ്‌നോ: 2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ സംസ്ഥാന മന്ത്രി അഅ്‌സംഖാന് പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ സിഡി സംപ്രേഷണം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭ സ്വകാര്യ ചാനലിനു സമന്‍സയച്ചു. സമന്‍സിന് പ്രതികരണമറിയിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന ചാനലിന്റെ ആവശ്യം നിയമസഭ അംഗീകരിച്ചു.
സംഭവത്തില്‍ തനിക്ക് വേദനയുണ്ടെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും അഅ്‌സംഖാന്‍ പറഞ്ഞു. രാജിക്കത്ത് അദ്ദേഹം സഭയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒളികാമറയില്‍ പകര്‍ത്തിയതെന്നവകാശപ്പെട്ട് ചാനല്‍ വിവാദ സിഡി സംപ്രേഷണം ചെയ്തതില്‍ ഖാന്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് സതീഷ് കുമാര്‍ നിഗമിന്റെ നേതൃത്വത്തില്‍ ഏഴംഗങ്ങള്‍ അടങ്ങിയ അന്വേഷണ കമ്മറ്റിയെ നിയമസഭ നിയമിച്ചു.
ചാനല്‍ വ്യാജമായി സൃഷ്ടിച്ചതാണ് ആരോപണം എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. അഅ്‌സംഖാന് സമിതി ശുദ്ധിപത്രം നല്‍കുകയും ചെയ്തു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ ഉദ്യോഗസ്ഥരെ നിയമസഭ വിളിപ്പിച്ചത്. മാര്‍ച്ച് നാലിന് ഇവര്‍ സഭയില്‍ ഹാജരായി വിശദീകരണം നല്‍കണം.
സഭയില്‍ ബിജെപി ഒഴിച്ചുള്ള പ്രതിപക്ഷം ഖാനൊപ്പമുണ്ട്. ഖാന്റെ വേദന തനിക്ക് മനസ്സിലാക്കാനാവുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ഖാനെതിരേ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചതിനെ തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ചാനല്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്ന നിര്‍ദേശം സഭ ശബ്ദവോട്ടോടെയാണ് അംഗീകരിച്ചത്.
Next Story

RELATED STORIES

Share it