മുസഫര്‍നഗര്‍ വര്‍ഗീയ കലാപം; വിഷ്ണു സഹായ് റിപോര്‍ട്ട് തള്ളി മായാവതി

ലഖ്‌നോ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തു വച്ച റിപോര്‍ട്ട് സമാജ്‌വാദി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് മായാവതി പറഞ്ഞു. സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിഷ്ണു സഹായ് അധ്യക്ഷനായി ഏകാംഗ കമ്മീഷനെ നിയോഗിച്ചത്. മുന്‍ സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ നടപടി ആവര്‍ത്തിച്ചത് നീതിയെ സ്‌നേഹിക്കുന്ന ജനങ്ങളെ നിരാശരാക്കിയെന്നും മായാവതി പറഞ്ഞു.
കുറ്റക്കാര്‍ക്ക് ശിക്ഷയോ ഇരകള്‍ക്ക് നീതിയോ ലഭ്യമാക്കുകയല്ല; മറിച്ച് സര്‍ക്കാരിന് ശുദ്ധിപത്രം നല്‍കുകയാണ് ജുഡീഷ്യല്‍ കമ്മീഷനുകളുടെ ജോലിയെന്ന് വിഷ്ണു സഹായ് കമ്മീഷനും തെളിയിച്ചു. ഇതുതന്നെയാണ് മുമ്പത്തെ കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ ചെയ്തത്.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലാപക്കേസില്‍ നിന്നു തങ്ങള്‍ കുറ്റവിമുക്തരായതായി അഖിലേഷ് യാദവ് സര്‍ക്കാര്‍ കരുതുന്നുണ്ടാവാം. എന്നാല്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരും സംസ്ഥാനത്ത് എസ്പി സര്‍ക്കാരും അധികാരത്തില്‍ ഇരിക്കുന്ന കാലത്തോളം ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ദലിതര്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് നീതിയും സുരക്ഷയും ലഭിക്കുക അസാധ്യമാണ്. കലാപ സമയത്ത് ബിജെപി, എസ്പി സര്‍ക്കാരുകളുടെ അറിവോടെയാണ് മുസ്‌ലിംകളുടെ ജീവനും സ്വത്തിനും ഭീമമായ നഷ്ടം വരുത്തിയത്. കലാപത്തിന്റെ ഇരകളോടുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും മായാവതി പറഞ്ഞു.
Next Story

RELATED STORIES

Share it