മുസഫര്‍നഗര്‍ കലാപം: ബലിയാനും പ്രാചിക്കുമെതിരേ ജാമ്യമില്ലാ വാറണ്ട്


മുസഫര്‍നഗര്‍: 60 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, വിഎച്ച്പി നേതാവ് സാധ്വി പ്രാചി, ബിജെപി എംഎല്‍എ ഉമേഷ് മാലിക് എന്നിവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കോടതിയില്‍ ഹാജരാവാതിരുന്നതിനാലാണ് ഇവര്‍ക്കെതിരേ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അങ്കുര്‍ ശര്‍മ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 22ന് കോടതിയില്‍ ഹാജരാവാന്‍ കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ബിജ്‌നോര്‍ എംപി ഭരതേന്ദു സിങ്, ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, എംഎല്‍എ സംഗീത് സോം എന്നിവരും പ്രതികളാണ്. ഇവരും കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍, ഇവരുടെ അപേക്ഷ പരിഗണിച്ച കോടതി നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ച പ്രതികള്‍ പൊതുസേവകരുടെ ജോലി തടസ്സപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
2013 ആഗസ്തില്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത പ്രതികള്‍ പ്രസംഗത്തിലൂടെ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും കേസുണ്ട്.


Next Story

RELATED STORIES

Share it