മുസഫര്‍നഗര്‍ കലാപം: പുനരന്വേഷണം വേണമെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി/മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപത്തില്‍ മുസ്‌ലിം സമുദായത്തിലെ 13 പേര്‍ കൊല്ലപ്പെട്ട നാലു കേസില്‍ പുനരന്വേഷണം നടത്താന്‍ അലഹാബാദ് ഹൈക്കോടതി മുസഫര്‍നഗര്‍ പോലിസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുഖേന സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതു മുതല്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മരിച്ചവരുടെ ബന്ധുക്കളായ ഹനീഫ്, യാമീന്‍, സഈദ് ഹസന്‍, ആസ്യ എന്നിവര്‍ക്കുവേണ്ടി എസ് എം നാസര്‍ അബ്ബാസ് അബെദി, നാഷനല്‍ ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ പി മുഹമ്മദ് ശരീഫ്, പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മറ്റിയംഗം എ മുഹമ്മദ് യൂസുഫ്, എന്‍സിഎച്ച്ആര്‍ഒ മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി സായ്പന്‍ ഷെയ്ഖ് എന്നീ അഭിഭാഷകരാണു ഹാജരായത്.
കലാപത്തിലെ ഇരകളെ സഹായിക്കാന്‍വേണ്ടി കലാപം നടന്ന ഉടനെ തന്നെ പോപുലര്‍ ഫ്രണ്ട് മുസഫര്‍ നഗറില്‍ നിയമസഹായസമിതി ഓഫിസ് തുറന്നിരുന്നു. കലാപബാധിതരെ നിയമപരമായി സഹായിക്കാന്‍ സമിതി അഭിഭാഷകരുടെ ഒരു പാനലിന് രൂപംനല്‍കുകയും ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനഫലമായി കലാപത്തിന്നിരയായ 85 കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ സംഘടനയ്ക്കു കഴിഞ്ഞതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ 50 കേസുകളോളം സംഘടന നടത്തുന്നുണ്ട്.
മുസഫര്‍നഗറിലും ഷാമില്‍, ബാഗ് പത്ത്, ശഹറാന്‍പൂര്‍, മീററ്റ് എന്നീ ജില്ലകളിലും നടന്ന കലാപത്തോടനുബന്ധിച്ച് 566 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഒരു പൊതുതാല്‍പര്യ ഹരജിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 533 കേസുകളും മുസഫര്‍നഗര്‍ കലാപത്തോടനുബന്ധിച്ചുള്ളവയാണ്. 59 എണ്ണം കൊലപാതകക്കേസുകളുമാണ്.
Next Story

RELATED STORIES

Share it