മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് എതിര്‍പ്പ്

മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ ജില്ലാ അധികൃതര്‍ക്ക് എതിര്‍പ്പ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട 10 കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നിര്‍ദേശം ഉത്തര്‍പ്രദേശ് നീതിന്യായ വകുപ്പാണ് മുസഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച് രണ്ടു കത്തുകള്‍ ജില്ലാ അധികൃതര്‍ക്ക് ലഭിച്ചു. കേസുകള്‍ കോടതിയിലാണെന്നും പോലിസും പ്രത്യേകാന്വേഷണ സംഘവും കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ജില്ലാ അധികൃതര്‍ കത്തുകള്‍ക്ക് മറുപടിയായി അറിയിച്ചത്. നീതിയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.യുപി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, എംപി ഭരതേന്ദു സിങ്, എംഎല്‍എ ഉമേഷ് മാലിക്, ബിജെപി നേതാവ് സ്വാധി പ്രാചി എന്നിവരുള്‍പ്പെട്ടതാണ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന കേസുകള്‍.പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കേസുകള്‍ പിന്‍വലിക്കാനാവുമോ എന്നതടക്കം 13 കാര്യങ്ങളാണ് സര്‍ക്കാര്‍ കത്തുകളില്‍ ആരാഞ്ഞിരുന്നത്. എന്നാല്‍, ജില്ലാ പ്രോസിക്യൂഷന്‍ വകുപ്പിന്റെ ശുപാര്‍ശയനുസരിച്ചാണ് ജില്ലാ അധികൃതര്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.2013 ആഗസ്തില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച് ജനങ്ങളെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. മുസഫര്‍നഗര്‍ കലാപത്തില്‍ 60 പേര്‍ മരിക്കുകയും 40,000ത്തിലേറെ പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it